രാഖിലിന് തോക്ക് നൽകിയാളെ ബിഹാറിൽ നിന്ന് പൊലീസ് പിടികൂടി ; സംഘം എതിര്‍ത്തപ്പോള്‍ വെടിയുതിര്‍ത്ത് പൊലീസ്

0
94

കോതമംഗലം നെല്ലിക്കുഴിയില്‍ ഡെന്റല്‍ കോളേജിലെ ഹൗസ് സര്‍ജന്‍ പി.വി. മാനസയെ വെടിവെച്ചുകൊലപ്പെടുത്താന്‍ രാഖിലിന് തോക്ക് നൽകിയയാളെ ബിഹാറിൽ നിന്ന് പൊലീസ് പിടികൂടി. ബിഹാർ മുൻഗർ സ്വദേശി സോനു കുമാർ മോദിയാണ് അറസ്റ്റിലായത്. കോതമംഗലം പൊലീസ് ബീഹാറിലെത്തി ബിഹാർ പൊലീസിൻ്റെ സഹായത്തോടെ സോനുവിനെ പിടികൂടുകയായിരുന്നു. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ സോനുവും സംഘവും ശ്രമിച്ചെങ്കിലും പൊലീസ് വെടിയുതിർത്തതോടെ ഇവർ കീഴടങ്ങി.

ബിഹാര്‍ മുന്‍ഗര്‍ ജില്ലയിലെ ഖപ്ര താര ഗ്രാമത്തിലെ സോനു കുമാര്‍ മോദി എന്നയാളാണ് പിടിയിലായത്. കോതമംഗലം എസ്.ഐയുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. ബിഹാര്‍ പൊലീസിന്റെ സഹായത്തോടെയാണ് കേരള പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സോനു കുമാറിനെ മുന്‍ഗര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്നലെ രാവിലെ പത്തിന് ഹാജരാക്കി.

പിടികൂടുമ്പോള്‍ സോനുവിന്റെ സംഘം എതിര്‍ത്തുവെങ്കിലും പൊലീസ് കീഴടക്കുകയായിരുന്നു. പൊലീസ് സംഘം വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് സോനുവിന്റെ സംഘം കടന്നുകളഞ്ഞു. രഖിലിന്റെ സുഹൃത്തുക്കളില്‍ നിന്നാണ്പിസ്റ്റള്‍ നല്‍കിയ ആളെക്കുറിച്ച് വിവരം ലഭിച്ചത്.

രഖിലിനെ സോനുവിലേക്ക് എത്തിച്ച ഊബര്‍ ടാക്‌സി ഡ്രൈവറെ കേരള പൊലീസ് തിരയുന്നുണ്ട്. പട്‌നയില്‍ നിന്ന് ഇയാളുടെ സഹായത്തോടെ രഖില്‍ മുന്‍ഗറില്‍ എത്തിയെന്നാണ് സൂചന.