കുഴൽപ്പണം : കെ സുരേന്ദ്രനെ വിമര്‍ശിച്ച യുവമോര്‍ച്ച സംസ്ഥാന കൗൺസിലംഗത്തെ പുറത്താക്കി

0
93

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോടികളുടെ കുഴൽപ്പണം കടത്തിയ സംഭവത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ വിമര്‍ശിച്ച യുവമോര്‍ച്ച സംസ്ഥാന കൗൺസിലംഗം അടക്കം ഒമ്പതുപേരെയാണ് ബിജെപിയിൽ നിന്ന് പുറത്താക്കിയത്. യുവമോര്‍ച്ച സംസ്ഥാന കൗൺസിലംഗം ആര്‍ അരവിന്ദൻ, എറണാകുളം ജില്ലാ മുന്‍ വൈസ്പ്രസിഡന്റ് എം എന്‍ ഗംഗാധരൻ, ബിജെപി കോതമംഗലം മണ്ഡലം മുന്‍ പ്രസിഡന്റ് പി കെ ബാബു, മുന്‍ നിയോജകമണ്ഡലം കണ്‍വീനര്‍ സന്തോഷ് പദ്മനാഭന്‍, മണ്ഡലം ഭാരവാഹികളായ മനോജ് കാനാട്ട്, ജയശങ്കര്‍, അനില്‍ മഞ്ചപ്പിള്ളി എന്നിവരടക്കമുള്ളവരെയാണ് പുറത്താക്കിയത്.

കെ സുരേന്ദ്രന്‍ ചാക്കുമായി പോകുന്ന ചിത്രമടങ്ങിയ എഫ്ബി പോസ്റ്റ്, ‘‘ഞങ്ങള്‍ ഡിജിറ്റലായി ഫണ്ട് കൈമാറുന്നവരാണേ’’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ചതാണ് അരവിന്ദനെ പുറത്താക്കാന്‍ കാരണമായി സുരേന്ദ്രന്‍ ജില്ലാകമ്മിറ്റിക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നത്. തെരഞ്ഞെടുപ്പ് ഫണ്ട് സുതാര്യമായി കൈമാറണമായിരുന്നു എന്ന് തെരഞ്ഞെടുപ്പ് അവലോകനങ്ങളില്‍ അരവിന്ദന്‍ അഭിപ്രായപ്പെട്ടിരുന്നു.

ഗംഗാധരനും ബാബുവും കോതമംഗലം മണ്ഡലത്തിലെ വോട്ടുകച്ചവടത്തില്‍ പ്രതിഷേധിച്ച്‌ വികസന സമിതി എന്നപേരില്‍ സംഘടന രൂപീകരിച്ചിരുന്നു. ഇതിനിടെ വാരപ്പെട്ടി പഞ്ചായത്ത് കോഴിപ്പിള്ളി സൗത്ത് വാര്‍ഡ് ഉപതെരഞ്ഞെടുപ്പിലും ബിജെപി പേയ്മെന്റ് സീറ്റ് നടപ്പാക്കി എന്നാരോപിച്ച്‌ പോസ്റ്ററുകള്‍ വന്നു. ഇതുന്നയിച്ചാണ് ഇവരെ പുറത്താക്കിയത്.