കലാസമൂഹത്തിന് ഉണർവേകാൻ ‘മഴമിഴി’ മെഗാ സ്ട്രീമിങ്

0
37

കലാസമൂഹത്തിന് നവ മാധ്യമത്തിലൂടെ വേദി ഒരുക്കുവാനും സാമ്പത്തികസഹായം നൽകാനുമായി സംഘടിപ്പിക്കുന്ന ‘മഴമിഴി’ മൾട്ടി മീഡിയ മെഗാ സ്ട്രീമിങ് പദ്ധതിയുടെ ലോഗോയുടെയും രൂപരേഖയുടെയും പ്രകാശനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു.

രൂപരേഖ സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജിനും ലോഗോ ഗായികയും എംഎൽഎയുമായ ദലീമയ്ക്ക് നൽകിയുമാണ് പ്രകാശനം ചെയ്തത്.
ഗോത്രകലകൾ, നാടൻകലകൾ, അനുഷ്ഠാനകലകൾ, ക്രിസ്തീയ കലാരൂപങ്ങൾ, മാപ്പിളകലാരൂപങ്ങൾ, ക്ഷേത്രകലകൾ, ശാസ്ത്രീയകലകൾ, ശാസ്ത്രീയസംഗീതം, ഉപകരണസംഗീതം, ചിത്രകല, ശില്പകല, ഫോട്ടോഗ്രാഫി, ഇതര ജനകീയകലകളായ മാജിക്, സർക്കസ്സ്, സൈക്കിൾ യജ്ഞo എന്നിവയും ട്രാൻസ്ജെൻഡേർസ്, ഭിന്നശേഷിക്കാർ, അന്ധഗായക സംഘം, കരുണാലയങ്ങളിലെ കലാസംഘങ്ങൾ എന്നിവർക്ക് അർഹമായ പ്രാധിനിധ്യം നൽകി 3500 കലാപ്രതിഭകളെ പങ്കെടുപ്പിച്ച് കൊണ്ടാണ് ‘മഴമിഴി’ സംഘടിപ്പിക്കുന്നത്.

നാടകം, കഥാപ്രസംഗം, ഗാനമേള എന്നീ കലാരൂപങ്ങളും ഇതിന്റെ തുടർച്ചയായി ലോകമലയാളികളിലേക്കെത്തും. ആഗസ്റ്റ് 28 മുതൽ നവംബർ 1 കേരളപ്പിറവി ദിനം വരെ 65 ദിനങ്ങളിലൂടെ കടന്നുപോകുന്ന ഇന്ത്യയിലെ ആദ്യ മെഗാ സ്ട്രീമിങ് സാംസ്‌കാരിക വിരുന്നായ ‘മഴമിഴി’ രാത്രി 7 മുതൽ 9 വരെയാണ്.

സാംസ്‌കാരിക കാര്യ വകുപ്പ്,സംസ്ഥാന ചലച്ചിത്ര അക്കാദമി,കേരള ഫോക് ലോർ അക്കാദമി, കേരള സംഗീതനാടക അക്കാദമി, കേരള ലളിതകലാ അക്കാദമി, ഗുരുഗോപിനാഥ് നടനഗ്രാമം എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനാണ് ‘മഴമിഴി’ ഒരുക്കുന്നത്.