പെഗാസസ്‌ : ആരോപണം ഗൗരവതരം ; വാദം ചൊവ്വാഴ്‌ച തുടരും

0
88

മാധ്യമ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഗൗരവമുള്ള വിഷയമാണ് പെഗാസസ്‌ ഫോൺ ചോർത്തലെന്ന് സുപ്രീംകോടതി. ആരോപണങ്ങൾ ശരിയെങ്കിൽ ഗുരുതരവും ആശങ്കപ്പെടുത്തുന്നതുമാണെന്ന്‌ സുപ്രിം കോടതി നിരീക്ഷിച്ചു. മാധ്യമ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഗൗരവമുള്ള വിഷയമാണെന്ന് നിരീക്ഷിച്ച കോടതി അതേ സമയം കൂടുതല്‍ തെളിവുകള്‍ ആവശ്യമാണെന്നും നിരീക്ഷിച്ചു. എന്നാൽ വാർത്തയ്‌ക്കപ്പുറം രേഖകൾ വേണമെന്നും 2019 മേയിൽ തന്നെ ആരോപണങ്ങൾ ഉയർന്നപ്പോൾ എന്തുകൊണ്ടാണ്‌ ആരും പരാതി നൽകിയില്ലെന്നും കോടതി ആരാഞ്ഞു. ഹർജികളിൽ ചൊവ്വാഴ്‌ച വാദം തുടരും.

പെഗാസസ്‌ ഫോൺ ചോർത്തലിൽ അന്വേഷണമാവശ്യപ്പെട്ട്‌ മാധ്യമ പ്രവര്‍ത്തകരായ ശശികുമാര്‍, എന്‍ റാം, ജോണ്‍ ബ്രിട്ടാസ് എംപി, ഫോണ്‍ ചോര്‍ത്തലിന് ഇരകളായ അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍, എഡിറ്റര്‍മാരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡ് എന്നിവരാണ് ഹർജി സമർപ്പിച്ചത്.

 

രണ്ട്‌ രാജ്യങ്ങൾ പെഗാസസ്‌ ഫോൺ ചോർത്തലിൽ ബന്ധപ്പെട്ട്‌ അന്വേഷണം നടത്തുന്നുണ്ട്‌. വിഷയത്തിന്‌ വാർത്തയ്‌ക്കപ്പുറം വിശ്വാസ്യതയുണ്ടെന്നും ഇത്‌ സാധാരണ കുറ്റകൃത്യമല്ല, ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും അഭിഭാഷകർ ചൂണ്ടികാട്ടി. ഒമ്പത് ഹർജികളിലാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ എൻ വി രമണ അധ്യക്ഷനായ ബെഞ്ച്‌ വാദം കേട്ടത്‌. ചോർത്തൽ പട്ടികയിൽ ഉൾപ്പെട്ട മാധ്യമ പ്രവർത്തകർക്കായി മുതിർന്ന അഭിഭാഷകൻ അഡ്വ. രാകേഷ്‌ ദ്വിവേദിയും അഡ്വ. അരവിന്ദ്‌ ദത്തറും എൻ റാമിനും ശശികുമാറിനും വേണ്ടി കപിൽ സിബലും ഹർജികാരനും അഭിഭാഷകനുമായ എം എല്‍ ശര്‍മയും കോടതിയിൽ ഹാജരായി.