സാമ്പത്തിക തട്ടിപ്പ് : കർണാടക കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ ഇ ഡി ​റെയ്​ഡ്​

0
86

ബസവരാജ്‌ ബൊമ്മെ മുഖ്യമന്ത്രിയായി ചുമതലയേയേറ്റതിനുപിന്നാലെ കർണാടകത്തിലെ കോൺഗ്രസ് എംഎൽഎമാരുടെ വീടുകളിൽ ഇ ഡി ​റെയ്​ഡ്​. മുൻ മന്ത്രിമാരായ റോഷൻ ബെയ്‌ഗ്‌, സമീർ അഹമ്മദ്ഖാൻ എംഎൽഎ എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമാണ് ഒരേ സമയം റെയ്ഡ് നടത്തിയത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് വ്യാഴാഴ്​ച രാവിലെ ആറുമണിയോടെ റെയ്ഡ് ആരംഭിച്ചത്.

റോഷൻ ബെയ്ഗിന്റെ ശിവാജിനഗറിലെ രണ്ടു വീടുകളിലും നാല് ഓഫീസുകളിലുമാണ് എട്ടംഗ സംഘം പരിശോധന നടത്തിയത്. ഐമ ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ടാണ്​ അന്വേഷണം എന്നാണ് അധികൃതർ പറയുന്നത്. ഐമ ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ബെയ്​ഗിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 400 കോടി രൂപ തിരിച്ചുനല്‍കിയില്ലെന്ന ഐമ ജ്വല്ലറി മാനേജിങ്​ ഡയറക്​ടര്‍ മുഹമ്മദ്​ മൻസൂർഖാനാണ്‌ പരാതി നൽകിയത്. നിയമവിരുദ്ധ സാമ്പത്തിക ഇടപാട് നടത്തിയെന്ന മറ്റൊരു കേസിലും റോഷൻ ബെയ്ഗിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.

ചാമ്‌രാജ്പേട്ട എംഎൽഎയായ സമീർ അഹമ്മദ്ഖാന്റെ കബ്ബണ്‍ പാർക്കിലെ ഫ്ലാറ്റ്​, കന്റോൺമെന്റ് ​റെയില്‍വേ സ്​റ്റേഷന്‍ പരിസരത്തെ ബംഗ്ലാവ്​, കലാസിപ്പലായ, ചാമരാജ്പേട്ട എന്നിവിടങ്ങളിലെ ട്രാവൽ ഏജൻസി ഓഫീസുകൾ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇരുവരുടെയും സ്വത്ത്, സാമ്പത്തിക സ്രോതസ് എന്നിവ സംബന്ധിച്ച രേഖകൾ കണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് റെയ്ഡ്. ബംഗളുരു സിറ്റി പൊലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന. റെയ്ഡ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇ ഡി അധികൃതർ പുറത്തുവിട്ടിട്ടില്ല.