പ്രവാസികൾക്ക് ആശ്വാസം: യാത്രാവിലക്കിൽ ഇളവ് ഏർപ്പെടുത്തി യു.എ.ഇ

0
60

 

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് യു.എ.ഇ. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് രാജ്യത്ത് പ്രവേശിക്കാം. റസിഡന്റ് വിസയുള്ളവർക്ക് വ്യാഴാഴ്ച മുതൽ പ്രവേശനം അനുവദിച്ചിട്ടുണ്ട്. 48 മണിക്കൂർ മുമ്പ് എടുത്തിട്ടുള്ള ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് യാത്രക്കാർ നിർബന്ധമായും കൈയിൽ കരുതിയിരിക്കണം.

തൊഴിൽ വിസകൾ ഭാഗികമായി അനുവദിച്ചു തുടങ്ങാൻ തീരുമാനിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസി റിപോർട്ട് ചെയ്തു. ഗാർഹിക തൊഴിലാളികൾക്ക് എൻട്രി പെർമിറ്റ് അനുവദിക്കുമെന്നാണ് തിങ്കളാഴ്ച ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ് അറിയിച്ചത്. സർക്കാർ, അർദ്ധ-സർക്കാർ സ്ഥാപനങ്ങളിലേക്കും തൊഴിൽ വിസകൾ അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

നാഷണൽ എമർജൻസി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റിയുമായി സഹകരിച്ചായിരിക്കും ഇതിനുള്ള നടപടികൾ. കൊവിഡ് വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയ പി.സി.ആർ പരിശോധന ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടായിരിക്കും വിദേശികൾക്ക് ജോലിക്കായി എത്താനാവുക.

ആവശ്യമെങ്കിൽ രാജ്യത്തെത്തിയ ശേഷം നിശ്ചിത ദിവസം ക്വാറന്റീനിലും കഴിയണം. സാധുതയുള്ള താമസ വിസയുള്ളവർക്ക് ഇപ്പോൾ ഏത് രാജ്യത്തുനിന്നും യു.എ.ഇ.യിലേക്ക് മടങ്ങിവരാം. സർക്കാർ മേഖല ഉൾപ്പെടെ എല്ലാ രംഗത്തുള്ളവർക്കും ഇങ്ങനെ മടങ്ങിയെത്താൻ അനുമതി ലഭിക്കും.

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നായിരുന്നു ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യു.എ.ഇ വിലക്കേർപ്പെടുത്തിയത്. ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, ശ്രീലങ്ക, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും വിലക്കുണ്ടായിരുന്നു.