സ്വകാര്യ തുണിമില്ലിന് മുന്നില്‍ സമരം ; 350 തൊഴിലാളികളെയും മേധാ പട്കറെയും അറസ്റ്റ് ചെയ്ത് പൊലീസ്

0
90

അടച്ചുപൂട്ടിയ സ്വകാര്യ തുണിമില്ലിന് മുന്നില്‍ സമരം ചെയ്ത സാമൂഹിക പ്രവര്‍ത്തക മേധാ പട്കറെയും 350 തൊഴിലാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു.ജീവനക്കാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിക്കാനെത്തിയ മേധാ പട്കറെ ഖാര്‍ഗോണില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.

സര്‍ക്കാര്‍ ഭൂമിയില്‍ പന്തല്‍ കെട്ടി സമരം നടത്തിയെന്നാരോപിച്ച പൊലീസ് സമരപ്പന്തല്‍ പൊളിച്ചുനീക്കിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അനുമതിയില്ലാതെയാണ് സമരം നടത്തിയതെന്നും സ്ഥലം ഒഴിഞ്ഞുപോകാന്‍ 48 മണിക്കൂര്‍ സമയം നല്‍കി നോട്ടീസ് നല്‍കിയിരുന്നെന്നും അതിന് ശേഷമാണ് അറസ്റ്റ് ചെയ്തതെന്നുമാണ് മധ്യപ്രദേശ് പൊലീസ് പറയുന്നത്.

സമരക്കാര്‍ സ്ഥലം ഒഴിഞ്ഞുപോകാതെ മേധാ പട്കറിനു കീഴില്‍ പ്രതിഷേധം തുടര്‍ന്നതോടെയാണ് 350 ഓളം തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. ഒരു ജാമ്യ ബോണ്ട് പൂരിപ്പിക്കാന്‍ മേധാ പട്കര്‍ വിസമ്മതിച്ചതിനാല്‍ നര്‍മ്മദ താഴ് വരയിലെ ഗസ്റ്റ്ഹൗസില്‍ താമസിപ്പിച്ചതായും മറ്റുള്ളവരെ ഐ.ടി.ഐ കാസ്രവാഡിലും ഗേള്‍സ് ഹോസ്റ്റലിലും താമസിപ്പിച്ചതായും പൊലീസ് പറഞ്ഞു. ജാമ്യ വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കിയ ശേഷം അവരെ വിട്ടയക്കുമെന്നും എസ്.പി അറിയിച്ചു.