തങ്ങൾ കുടുംബത്തെ മറയാക്കി ഗുരുതര മാഫിയ പ്രവർത്തനങ്ങളാണ് കുഞ്ഞാലിക്കുട്ടി നടത്തുന്നത് ; കെ ടി ജലീൽ

0
36

കള്ളപ്പണം വെളുപ്പിക്കാൻ മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ആരാധനാലയങ്ങളെ വരെ ദുരുപയോഗം ചെയ്തതായി മുൻമന്ത്രി കെ ടി ജലീൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കുഞ്ഞാലിക്കുട്ടിയുടെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണ്. പാണക്കാട് തങ്ങളെ വരെ ഇതിലേക്ക് വലിച്ചിഴച്ചു.

കള്ളപ്പണം വെളുപ്പിക്കാൻ ലീഗിനെ മറയാക്കി. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി കോടികളാണ് വെളുപ്പിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ മകന് കള്ളപ്പണ ഇടപാടുണ്ട്. തങ്ങളെ മറയാക്കി ഗുരുതര മാഫിയ പ്രവർത്തനങ്ങളാണ് കുഞ്ഞാലിക്കുട്ടി ഇപ്പോൾ നടത്തുന്നത്. പാണക്കാട് തങ്ങളെ കുഴിയിൽ ചാടിച്ചു. ഹൈദരലി തങ്ങളെ ഇ ഡി ഇതിനകം ചോദ്യം ചെയ്തു. 110 കോടി രൂപ ഇ ഡി കണ്ടുകെട്ടി. ഇതിന്റെ തെളിവുകൾ ജലീൽ പുറത്തുവിട്ടു. കുഞ്ഞാലിക്കുട്ടിയെ അണികൾ തിരിച്ചറിയണമെന്നും ജലീൽ പറഞ്ഞു.

ചന്ദ്രികയിലെ കള്ളപ്പണ നിക്ഷേപ കേസില്‍ ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു. പാണക്കാട് എത്തിയാണ് ചോദ്യം ചെയ്തത്. രണ്ട് തവണ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് മറുപടിയും നല്‍കി. തുടര്‍ന്നാണ് ഇ ഡി പാണക്കാട് എത്തി ചോദ്യം ചെയ്തത്. കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലെത്തിയ ഇ ഡി സംഘം സ്വകാര്യ വാഹനത്തിലാണ് പാണക്കാട് എത്തിയത്.

ഈ ചോദ്യം ചെയ്യല്‍ പാണക്കാട് തങ്ങള്‍ക്ക് വലിയ മാനസിക പ്രയാസമുണ്ടാക്കി. പാര്‍ട്ടിയിലെ ചിലര്‍ ചെയ്യുന്ന തെറ്റിന് അദ്ദേഹത്തിന് ഇ ഡിക്ക് മുമ്പിൽ വിശദീകരണം നല്‍കേണ്ടി വന്നു. ചോദ്യം ചെയ്യലിനായി പാണക്കാട് ഹൈദരി തങ്ങള്‍ക്ക് ഇ ഡി നോട്ടീസ് അയച്ചെന്നും ജലീല്‍ പറഞ്ഞു. ഈ നോട്ടീസും ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.

മലപ്പുറത്തെ ചില സഹകരണബാങ്കുകളിൽ ലീഗ് നേതാക്കള്‍ വ്യാപകമായി കള്ളപ്പണം നിക്ഷേപിച്ചു. ഇതുകൊണ്ടാണ് കേരള ബാങ്കിൽ ലയിക്കുന്നതില്‍ നിന്ന് ഇവര്‍ വിട്ടുനില്‍ക്കുന്നതെന്നും ജലീല്‍ ആരോപിച്ചു.