കേരളത്തിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ട് കോടികൾ കുഴൽപണമായി എത്തിച്ച സംഭവത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ ബിജെപിയോട് വിശദീകരണം തേടിയേക്കും. ഇഡി, ആദായനികുതി വകുപ്പ് എന്നിവ പണത്തിന്റെ ഉറവിടം ആവശ്യപ്പെട്ടും നോട്ടീസ് നൽകിയേക്കും. ബിജെപി ഇറക്കിയ കുഴൽപ്പണത്തിന്റെ കൃത്യമായ റിപ്പോർട് തെരഞ്ഞെടുപ്പ് കമീഷൻ, ഇഡി, ആദായനികുതി വകുപ്പ് എന്നിവയ്‌ക്ക് അന്വേഷകസംഘം കൈമാറി.
സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ അറിവോടെയാണ് കുഴൽപ്പണം ഇറക്കിയതും വിതരണം നടത്തിയതുമെന്നുമുള്ള നിർണായക വിവരങ്ങൾ തെരഞ്ഞെടുപ്പ് കമീഷനുൾപ്പെടെ കൈമാറിയത് ബിജെപിക്ക് കുരുക്കാവും. സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശൻ, ഓഫീസ് സെക്രട്ടറി ജി ഗിരീഷ് (ഗിരീശൻ നായർ) എന്നിവരുൾപ്പെടെ ഉന്നത നേതാക്കൾ കുഴൽപ്പണക്കടത്തുസംഘവുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടതിന്റെയും കൂടിക്കാഴ്‌ച നടത്തിയതിന്റെയും തെളിവുകളും കൈമാറി.
ഇതിനും കൃത്യമായ മറുപടി നൽകാൻ ബിജെപി ബാധ്യസ്ഥമാവും. നിയമസഭാ തെരഞ്ഞെടുപ്പിനെത്തിച്ച 41.4 കോടി രൂപ തെരഞ്ഞെടുപ്പ് അട്ടിമറിക്ക് ഉപയോഗിച്ചോ എന്നും പരിശോധിക്കേണ്ടിവരും. തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ വ്യക്തമാക്കിയതും ബിജെപിക്ക് തലവേദനയാവും.
കുഴൽപ്പണക്കടത്തുകാരനായ ആർഎസ്‌എസ് നേതാവ് ധർമരാജൻ, ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർക്ക് കൈമാറാൻ കൊണ്ടുപോവുകയായിരുന്ന മൂന്നരക്കോടി രൂപയാണ് കൊടകരയിൽ കവർന്നിരുന്നത്. 25 ലക്ഷം രൂപ കവർന്നുവെന്ന ധർമരാജന്റെയും ഡ്രൈവറുടെയും പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. കവർച്ചാകേസിൽ നേരിട്ട് പങ്കാളിയായവരാണ് നിലവിൽ പ്രതികൾ.
പണത്തിന്റെ രേഖകൾ ഇതുവരെ ഹാജരാക്കാനായിട്ടില്ല. അതിനിടെയാണ് കുഴൽപ്പണ ഇടപാട് പുറത്തായതും ബിജെപി നേതാക്കളുടെ പങ്കാളിത്തം കണ്ടെത്തിയതും. ഇതോടെ 41.4 കോടിക്കും രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ ബിജെപി നേതാക്കളും പ്രതികളായേക്കും. തെരഞ്ഞെടുപ്പുകുറ്റകൃത്യത്തിനും കേസെടുക്കാനാവും.
തൃശൂർ ജില്ലാ ട്രഷറർ സുജയസേനനാണ് ഏറ്റവും കൂടുതൽ കുഴൽപ്പണം കൈപ്പറ്റിയയാൾ–- ആകെ 13.4 കോടി. 12ന് രണ്ടു കോടി, 13ന് 1.5 കോടി, 14ന് 1.5 കോടി, 27ന് 1 കോടി, 31ന് 1.1 കോടി, ഏപ്രിൽ മൂന്നിന് 6.3 കോടി എന്നിങ്ങനെ പണം ലഭിച്ചു.
കടത്തിയ കോടികൾ
● മാർച്ച് ഒന്നിന് ബംഗളൂരുവിൽനിന്ന് 4.40 കോടി. (പാലക്കാട്ടേക്ക് കൊണ്ടുവരുന്നതിനിടെ സേലത്ത് കവർന്നു)
● അഞ്ചിന് രണ്ടുകോടിയും എട്ടിന് വീണ്ടും 3.5 കോടിയും തിരുവനന്തപുരത്തെ ദിലീപിന്
● 16ന് ആലുവയിലെ സോമശേഖരന് 50 ലക്ഷം
● 18ന് എറണാകുളം മേഖലാ സെക്രട്ടറി പത്മകുമാറിന് അരൂരിൽ 1.1 കോടി, 23ന് 1.5 കോടി, 25ന് വീണ്ടും ഒരു കോടി
● മാർച്ച് 20ന് 3.5 കോടി
● 21ന് കണ്ണൂരിൽ ഓഫീസ് ജീവനക്കാരൻ ശരത്തിന് 1.40 കോടി
● 22ന് കോഴിക്കോട് വൈസ്‌പ്രസിഡന്റ് ഉണ്ണികൃഷ്ണന് ഒരു കോടി, 27ന് വീണ്ടും 1.5 കോടി
● 23ന് കാസർകോട് മേഖലാ സെക്രട്ടറി സുരേഷിന് 1.5 കോടി
● 26ന് കർണാടകയിൽനിന്ന് 6.5 കോടി
● 29ന് തിരുവനന്തപുരം ഓഫീസ് ജീവനക്കാരൻ ബിനീതിന് 1.10 കോടി, 31ന് വീണ്ടും 1.10 കോടി
● ആലപ്പുഴയിലേക്കും പത്തനംതിട്ടയിലേക്കുമായി 1.40 കോടി
● ഏപ്രിൽ അഞ്ചിന് തൃശൂരിൽ രണ്ടുകോടി. കോന്നി മണ്ഡലത്തിൽ ബിജെപി പഞ്ചായത്ത് മെമ്പർമാർക്കും പണം.