സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും മാതൃ-ശിശു സൗഹൃദമാക്കും: മന്ത്രി വീണാ ജോർജ്

0
87

 

സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളേയും സ്വകാര്യ ആശുപത്രികളേയും മാതൃ-ശിശു സൗഹൃദ (മദർ & ബേബി ഫ്രണ്ട്ലി) ആശുപത്രികളാക്കി മാറ്റുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിനായി കൃത്യമായ മാർഗനിർദേശം തയ്യാറാക്കിയിട്ടുണ്ട്.

മദർ & ബേബി ഫ്രണ്ട്ലി ഹോസ്പിറ്റൽ ഇനിഷിയേറ്റീവിന്റെ ഭാഗമായി ശിശു സൗഹൃദ ആശുപത്രികളെ ശാക്തീകരിക്കുകയും സർട്ടിഫൈ ചെയ്യുകയും ചെയ്യും. യൂണിസെഫും ലോകാരോഗ്യ സംഘടനയും നിശ്ചയിച്ചിട്ടുളള 10 ഗുണനിലവാര സൂചികയും കൂടാതെ മാതൃ-ശിശു സൗഹൃദവും ആരോഗ്യവും സംബന്ധിച്ച സൂചികകളിൽ അധിഷിഠിതമായ 130 ചെക്ക് പോയിന്റുകൾ അടങ്ങിയ ഒരു സ്റ്റാൻഡേർഡ് ആവിഷ്‌കരിച്ചിട്ടുണ്ട്.

ഇത്തരത്തിൽ ചെക്ക് പോയിന്റുകൾക്ക് അനുസരിച്ച് ആശുപത്രികളെ മദർ ആന്റ് ബേബി ഫ്രണ്ട്ലി ആശുപത്രിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ മുലയൂട്ടൽ വാരാചരണവും മാതൃ-ശിശു സൗഹൃദ ആശുപത്രി പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

അഞ്ച് വയസിൽ താഴെയുളള കുട്ടികളുടെ മരണ നിരക്ക് കുറയ്ക്കുന്നതിലും ശിശു, നവജാത ശിശു മരണനിരക്ക് കുറയ്ക്കുന്നതിലും കേരളം ബഹുദൂരം മുന്നേറിയിട്ടുണ്ട്. എന്നാൽ ആദ്യ ഒരു മണിക്കൂറിൽ നവജാതശിശുവിന് മുലപ്പാൽ നൽകുന്നുവെന്ന് ഉറപ്പാക്കുന്ന കാര്യത്തിലും, ആദ്യ ആറ് മാസം മുലപ്പാൽ മാത്രം നൽകുന്ന കാര്യത്തിലും കേരളം മുന്നോട്ട് പോകേണ്ടതുണ്ട്. വളരെ വിദ്യാഭ്യാസ സമ്പന്നരായ ആൾക്കാരാണ് സമൂഹത്തിലുള്ളത്. അതിനാൽ തന്നെ മുലയൂട്ടൽ പ്രോത്സാഹിക്കുന്നതിൽ കുടുംബത്തിന്റേയും സമൂഹത്തിന്റേയും പങ്കിനെക്കുറിച്ച് എല്ലാവരും ആലോചിക്കേണ്ടതുണ്ട്.

ജനിച്ചയുടൻ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകുന്നത് വളരെ പ്രധാനമാണ്. കുഞ്ഞിന്റെ ആരോഗ്യ അതിജീവനത്തിന് ഇത് അത്യന്താപേക്ഷിതമാണ്. കൂടാതെ അമ്മയും കുഞ്ഞും തമ്മിലുളള ഊഷ്മളമായ ബന്ധം സുദൃഢമാക്കാനും സാധിക്കുന്നു. ആദ്യത്തെ 6 മാസം മുലയൂട്ടുക എന്നത് വളരെ പ്രധാനമാണ്.

ആരോഗ്യ വകുപ്പും വനിത ശിശുവികസന വകുപ്പും സഹകരിച്ച് മുലപ്പാലിന്റെ നന്മകൾ കുഞ്ഞുങ്ങളുടെ പോഷണത്തിന് ഉത്തമമാണെന്ന സന്ദേശം തുടർച്ചയായി പൊതുജനങ്ങളിലേയ്ക്കും അമ്മമാരിലേക്കും എത്തിക്കുന്നതിനും നടപടികൾ സ്വീകരിക്കും. പൊതുസ്ഥലങ്ങളിൽ അമ്മമാർക്ക് സ്വകാര്യതയോടുകൂടി മുലയൂട്ടുന്നതിന് പ്രത്യേക സജ്ജീകരണങ്ങൾ ഇതര വകുപ്പുകളുമായി ചേർന്ന് നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, സ്വാഗതം ആശംസിച്ച ചടങ്ങിൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡേ അധ്യക്ഷത വഹിച്ചു. വനിത ശിശു വികസന വകുപ്പ് സെക്രട്ടറി റാണി ജോർജ്, വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമ, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. റംല ബീവി, യൂണിസൈഫ് പ്രതിനിധി കൗശിക് ഗാംഗുലി, ഐ.എ.പി. പ്രസിഡന്റ് ഡോ. ടി.പി. ജയരാമൻ എന്നിവർ പങ്കെടുത്തു.