11 സ്റ്റാഫുകളെ ലൈംഗികമായി ഉപദ്രവിച്ചു ; ഗവര്‍ണര്‍ രാജിവെക്കണമെന്ന് ജോ ബൈഡന്‍

0
86

സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് കണ്ടെത്തിയ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് ജോ ബൈഡന്‍. ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വാമോക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സത്യമാണെന്ന് സ്വതന്ത്ര അന്വേഷണം നടത്തിയ സംഘം കണ്ടെത്തിയതിന് പിന്നാലെയാണ് ബൈഡനും ഡെമോക്രാറ്റുകളും ഗവര്‍ണറുടെ രാജി ആവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുന്നത്.

ന്യൂയോര്‍ക്ക് ഓഫീസിലെ നിലവിലെയും മുന്‍പത്തെയും സ്ത്രീ സ്റ്റാഫുകളെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ക്വാമോക്കെതിരെ ഉയര്‍ന്നിരിക്കുന്ന പരാതി. 11 സ്ത്രീകളാണ് പരാതി നല്‍കിയിരുന്നത്. ലൈംഗികച്ചുവയോടെ സംസാരിക്കുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തുവെന്നാണ് ഈ സ്ത്രീകളെല്ലാം പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഇത് പലതവണ തുടര്‍ന്നുവെന്നും ഇവര്‍ പറയുന്നു.

സ്വസ്ഥമായും സുരക്ഷിതമായും ജോലി ചെയ്യാന്‍ സാധിക്കാത്ത തരത്തിലുള്ള സാഹചര്യമാണ് ക്വാമോ സൃഷ്ടിച്ചതെന്നും ഇവര്‍ പറഞ്ഞു. ഇക്കാര്യങ്ങളെ കുറിച്ച് തുറന്നുപറഞ്ഞവര്‍ക്കെതിരെ ക്വാമോയും സംഘവും നടപടി സ്വീകരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.