സ്റ്റുഡന്റ് പോലീസ് കേഡറ്റ്: കൂടുതൽ വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കും

0
46

സാമൂഹ്യ ഉത്തരവാദിത്ത ബോധം പ്രകടിപ്പിക്കാൻ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രളയം ഉൾപ്പെടെയുള്ള ദുരന്ത വേളകളിൽ നാടിന് ആവശ്യമായ സമയത്ത് ഓടിയെത്താൻ കേഡറ്റുകൾക്ക് കഴിഞ്ഞിട്ടുണ്ട്.

കോവിഡിന്റെ പശ്ചാത്തലത്തിൽ പോതുജന സേവന രംഗത്ത് സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ നൽകിയ സംഭാവന മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പന്ത്രണ്ടാം വാർഷികം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എസ്. പി. സിയുടെ ഗുണഫലം കഴിയുന്നത്ര വിദ്യാർത്ഥികളിലേക്ക് എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. നൂറു ദിന കർമ പരിപാടിയുടെ ഭാഗമായി 197 സ്‌കൂളുകളിൽ കൂടി പദ്ധതി വ്യാപിപ്പിക്കും. അതോടെ സംസ്ഥാനത്ത് ആയിരം വിദ്യാലയങ്ങളിൽ പദ്ധതിയുടെ പ്രവർത്തനം എത്തിക്കാനാവും. നിലവിൽ 32500 സീനിയർ കേഡറ്റുകളും 38000 ജൂനിയർ കേഡറ്റുകളുമുൾപ്പെടെ 63500 കേഡറ്റുകളാണുള്ളത്.

പഠനം പൂർത്തിയാക്കിയ ഒന്നരലക്ഷം കേഡറ്റുകളുമുണ്ട്. പഠനത്തോടൊപ്പം ജീവിത വിജയത്തിന് ആവശ്യമായ മറ്റു പല കഴിവും സ്വായത്തമാക്കാൻ എസ്. പി. സി പദ്ധതി വിദ്യാർത്ഥികൾക്ക് ഉപകരിക്കുന്നു. അഞ്ചു ലക്ഷം വീടുകളിൽ അടുക്കളത്തോട്ടം ഒരുക്കാൻ എസ്. പി. സിക്കായി.

ഓൺലൈൻ പഠനത്തിന് ആവശ്യമായ ഡിജിറ്റൽ ഉപകരണങ്ങൾ സമാഹരിച്ച് അർഹരായവർക്ക് നൽകാനും കേഡറ്റുകൾ മുന്നിൽ നിന്നു. 5400 ടെലിവിഷനും 190 ടാബുകളും 578 മൊബൈൽ ഫോണുകളുമാണ് കൈമാറിയത്. വിഷുകൈനീട്ടമായി സമാഹരിച്ച 15 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നൽകി മാതൃകയായി. ഇതെല്ലാം വിദ്യാർത്ഥികൾക്ക് നാടിനോടുള്ള പ്രതിബദ്ധത ഉയർത്തിക്കാട്ടുന്ന നടപടികളാണ്.

സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ നിതാന്ത ജാഗ്രതാ പ്രവർത്തനത്തിനു പുറമെ സമൂഹത്തിലെ അശരണർ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്ക് ആശ്വാസവും സുരക്ഷയും ഒരുക്കാൻ എസ്. പി. സിക്ക് കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളെ ഉത്തമ പൗരൻമാരാക്കുന്നതിനു പുറമെ ആത്മവിശ്വാസം, കഠിനാധ്വാനം, സഹാനുഭൂതി, സേവന സന്നദ്ധത തുടങ്ങി ഒട്ടേറെ ഗുണങ്ങൾ ആർജിക്കാനും പദ്ധതി സഹായിക്കുന്നു. വിദ്യാഭ്യാസത്തിന്റെ ശരിയായ ലക്ഷ്യം സാക്ഷാത്ക്കരിക്കാൻ ഉതകും വിധം വ്യക്തിത്വത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കുന്നതാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു