ഉത്തര്‍പ്രദേശ് സര്‍ക്കാരിനേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ക്രമസമാധാനത്തിന്റെ കാര്യത്തില്‍ യോഗി ആദിത്യനാഥ് യു.പിയെ ഒന്നാം സ്ഥാനത്തേക്ക് നയിച്ചെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശ് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറന്‍സിക് സയന്‍സസിന്റെ ശിലാസ്ഥാപനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഏറ്റവും ദരിദ്രരായ ജനങ്ങളുടെ വികസനത്തിനായാണ് ബി.ജെ.പി സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.‘2019 വരെയുള്ള ആറ് വര്‍ഷക്കാലം എനിക്ക് യു.പിയിലൂടെ ഒരുപാട് യാത്ര ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, യു.പി മുമ്പ് എങ്ങനെയായിരുന്നുവെന്ന് എനിക്ക് നന്നായി അറിയാം.
പടിഞ്ഞാറന്‍ യു.പിയില്‍ ക്രമസമാധാന പ്രശ്‌നം ഗുരുതരമായിരുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം, ഭൂമാഫിയയുടെ അഴിഞ്ഞാട്ടം, കലാപങ്ങള്‍ എന്നിവ ഇവിടെ വ്യാപകമായിരുന്നു,’ അമിത് ഷാ പറഞ്ഞു.
എന്നാല്‍ 2017 മുതല്‍ ഞങ്ങള്‍ ഉത്തര്‍പ്രദേശിനെ ഒരു വികസിത സംസ്ഥാനമാക്കി മാറ്റിക്കൊണ്ടിരിക്കിയാണ്. ബി.ജെ.പി അന്ന് വാഗ്ദാനം ചെയ്തതുപോലെ യു.പിയുടെ ക്രമസമാധാനത്തില്‍ വലിയ മാറ്റങ്ങളാണുണ്ടായതെന്നും അമിത് ഷാ പറഞ്ഞു.