മഹാരാഷ്ട്രയിൽ ഡെലിവറി ബോയിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ നാല് ശിവസേന പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ കാണ്ഡിവാലിയിലെ പോയിസറിൽ വച്ചാണ് അക്രമം നടന്നത്.
ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ജയ്ഹിന്ദ് ചൗൾ നിവാസിയായ രാഹുൽ ശർമ എന്നയാൾക്കാണ് മർദനമേറ്റത്. ഓർഡർ ചെയ്ത ഭക്ഷണം എത്തിക്കുന്നതിനായാണ് രാഹുൽ പോയിസർ മേഖലയിൽ എത്തിയത്. എന്നാൽ മഴ പെയ്തതിനെ തുടർന്ന് ശിവസേനയുടെ ഓഫീസിനു മുന്നിലുള്ള സ്ഥലത്ത് മഴ നനയാതിരിക്കാൻ രാഹുൽ കയറി നിന്നു.
ഈ സമയം ഇതുവഴി വന്ന ശിവസേന പ്രവർത്തകൻ ചന്ദ്രകാന്ത് നിനെവുമായി രാഹുൽ വാക്കുതർക്കമുണ്ടായി. പിന്നീട് ഇവിടെ എത്തിയ അഞ്ച് പേരും ചേർന്ന് രാഹുലിനെ ക്രൂരമായി മർദിക്കുകയായിരുന്നു.
രാഹുലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു പേരെകൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.