റബർ കർഷകരെ ദ്രോഹിക്കുന്ന നടപടി കേന്ദ്രസർക്കാർ അനുവദിക്കരുത് ; എം പി തോമസ് ചാഴികാടൻ

0
167

ചിരട്ടപ്പാലിന് (കപ്പ് ലമ്പ് റബർ) നിലവാര മാനദണ്ഡം നിശ്ചയിച്ച് ഇറക്കുമതി അനുമതി നേടാനുള്ള റബ്ബർ വ്യവസായികളുടെ നീക്കം അനുവദിക്കരുതെന്ന് പ്രധാനമന്ത്രിയോടും കേന്ദ്ര വാണിജ്യ മന്ത്രിയോടും എം പി തോമസ് ചാഴികാടൻ ആവശ്യപ്പെട്ടു .

ഷീറ്റ് റബറിന് 165 രൂപ വരെ ലഭിക്കുന്ന സാഹചര്യത്തിൽ 50 രൂപ വിലയ്ക്ക് കപ്പ് ലമ്പ് റബർ ഇറക്കുമതി ചെയ്താൽ ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ റബർ കർഷകർ പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റീപ്ലാൻ്റേറൻ സബ്സിഡി നിർത്തലാക്കിയതിലൂടെയും റബറിന് ഇറക്കുമതി ചുങ്കം ഉയർത്താത്തത് മൂലവും ഇപ്പോൾ തന്നെ റബർ കർഷകർ പ്രതിസന്ധിയിലാണ്.

 

ഈ സാഹചര്യത്തിൽ കപ്പ് ലമ്പ് റബറിന് നിലവാര മാനദണ്ഡം നിശ്ചയിച്ച് ഇറക്കുമതിക്ക് അനുമതി കൊടുക്കുന്നത് റബർ കൃഷിയെ തകർക്കും. റബ്ബർ ബോർഡിൻറെ പ്രവർത്തനങ്ങൾ ഇപ്പോൾ തന്നെ പ്രതിസന്ധിയിലാണ്. കഴിഞ്ഞ സാമ്പത്തികവർഷം കേന്ദ്രം അനുവദിച്ച 190 കോടി രൂപ ബോർഡിൻ്റെ ജീവനക്കാരുടെ ശമ്പളത്തിനും ദൈനംദിന ആവശ്യങ്ങൾക്ക് പോലും തികയുന്നില്ല എന്നും അദ്ദേഹം ഓർമപ്പെടുത്തി.

റബർ കർഷകർക്ക് പ്രോത്സാഹനം നൽകുന്ന നയം സ്വീകരിക്കുന്നതിന് പകരം കേരളത്തിൻ്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്ന റബർ മേഖലയെ തകർക്കുന്ന നടപടിയിൽ നിന്നും കേന്ദ്രം പിന്തിരിയണമെന്നും തോമസ് ചാഴികാടൻ ആവശ്യപ്പെട്ടു. ഈ ആവശ്യം പാർലമെൻ്റ് റൂൾ 377 പ്രകാരം സബ്മിഷനിലൂടെ അവതരിപ്പിക്കുവാൻ നോട്ടീസും അദ്ദേഹം നൽകിയിട്ടുണ്ട്.