BREAKINGപുതിയ കരുനീക്കവുമായി യെദിയൂരപ്പ ; മകന്‍ വിജയേന്ദ്ര ഉപമുഖ്യമന്ത്രിയായേക്കും

0
77

മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ പുതിയ കരുനീക്കവുമായി ബി എസ് യെദിയൂരപ്പ. മകൻ ബി വെെ വിജയേന്ദ്രയെ ബസവരാജ് ബൊമ്മെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം അദ്ദേഹം മുന്നോട്ടുവെച്ചു. ഇതിനുവേണ്ടിയുള്ള കരുനീക്കം യെദിയൂരപ്പ ആരംഭിച്ചു. ബസവരാജ്‌ ബൊമ്മെ മുഖ്യമന്ത്രിയായതിനു പിന്നാലെയാണ് ബി വെെ വിജയേന്ദ്രയെ ഉപമുഖ്യമന്ത്രിയാക്കാനുള്ള നീക്കം തുടങ്ങിയത്. അതേസമയം, ഈ നീക്കത്തിനെതിരെ എതിര്‍പ്പുമായി എംഎല്‍എമാര്‍ രംഗത്തെത്തി. യെദിയൂരപ്പയുടെ സമ്മർദ്ദത്തിന് വഴങ്ങി കേന്ദ്ര നിരീക്ഷസംഘം ബി വൈ വിജയേന്ദ്രയുടെ പേര് നിര്‍ദ്ദേശിച്ചുവെന്നാണ് വിവരം.

ബസവരാജ്‌ ബൊമ്മയെ മുഖ്യമന്ത്രിയാക്കിയ കേന്ദ്രനേതൃത്വത്തിന്റെ നടപടിയിൽ വലിയൊരു വിഭാഗം ബിജെപി എംഎൽഎമാർ കടുത്ത അസംതൃപ്തിയിലാണ്. യെദിയൂരപ്പ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്ന കെ എസ് ഈശ്വരപ്പയെ പരിഗണിക്കാത്തതാണ് കാരണം. ഈശ്വരപ്പക്ക് പകരം വിജയേന്ദ്രയെ ഉപമുഖ്യമന്ത്രിയാക്കിയാൽ അത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഇടഞ്ഞുനിക്കുന്ന എംഎൽഎമാർ പറയുന്നത്.

കെ എസ് ഈശ്വരപ്പയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന പിന്നോക്ക സമുദായ നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കർണാടകയിൽ പാർട്ടിയെ വളര്‍ത്തിയ നേതാവാണ് ഈശ്വരപ്പ. അദ്ദേഹമായിരുന്നു മുഖ്യമന്ത്രിയാകേണ്ടതായിരുന്നത്. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം മറ്റൊന്നായിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകണമെന്നും അല്ലാത്ത പക്ഷം ബിജെപി സംസ്ഥാനത്ത് വലിയ തിരിച്ചടികള്‍ നേരിടുമെന്നാണ് മുന്നറിയിപ്പ്.

യെദിയൂരപ്പയുടെ രണ്ടാമത്തെ മകനാണ് ബി വൈ വിജയേന്ദ്ര. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായ വിജയേന്ദ്ര അഭിഭാഷകനുമാണ്. നിലവിൽ ശിവമോഗ എംപിയാണ്.