വി ഡി സതീശൻ സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങി, രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ്

0
123

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമര്ശാനവുമായി യൂത്ത് കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവ് നിലപാടില്‍ മലക്കം മറിഞ്ഞത് കഴിഞ്ഞകാല നിലപാടുകള്‍ക്ക് വിരുദ്ധമാണ്. പൊതുസമൂഹത്തിന് മുന്നില്‍ ഇത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. പ്രതിപക്ഷ നേതാവ് സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങുകയാണ്. സതീശന്റെ പരാമര്‍ശം പൊതുസമൂഹത്തിന് മുന്നില്‍ ഇത് അവമതിപ്പുണ്ടാക്കിയെന്നും കോഴിക്കോട്ടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തുറന്നടിച്ചു.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും മാത്രമല്ല. ചാലകശക്തിയായ യൂത്ത് കോണ്‍ഗ്രസിന് ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും യൂത്ത് കോണ്‍ഗ്രസ് യോഗം വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസിലും നേതൃമാറ്റം ആവശ്യമാണെന്ന് അഭിപ്രായപ്പെട്ട നേതാക്കള്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്പില്‍ രാജി വെയ്ക്കണമെന്നും ആവശ്യപ്പെട്ടു.

ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റിയെ നിരന്തരം തെറ്റിദ്ധരിപ്പിക്കുകയാണ്. നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പ് ഇഷ്ടക്കാര്‍ക്ക് സംഘടനക്കകത്ത് അനര്‍ഹമായ പ്രമോഷന്‍ നല്‍കി നിയമസഭാ സീറ്റ് നല്‍കിയതുകൊണ്ടാണ് മല്‍സരിച്ചവരില്‍ 12 പേരില്‍ 11 പേരും തോറ്റുപോയത്. വൈസ് പ്രസിഡന്റിന്റെ പരാജയവും പ്രസിഡന്റിന്റെ ഭൂരിപക്ഷം കുറഞ്ഞതും മണ്ഡലം ശ്രദ്ധിക്കാന്‍ കഴിയാത്തത് കൊണ്ട്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശാനുസരണം നടന്ന സംഘടനാ തെരഞ്ഞെടുപ്പ് വഴി വന്ന കമ്മിറ്റിയെ നോക്കുകുത്തിയാക്കി ജംബോ കമ്മിറ്റിക്കെതിരെ പറയുന്ന പ്രസിഡന്റ് സംഘടനാ നിയമനം നല്‍കിയത് ഇതിനകം 79 പേര്‍ക്കാണ്.

യൂത്ത് കോണ്‍ഗ്രസിന് പാര്‍ട്ട് ടൈം പ്രസിഡന്റല്ല, മുഴുവന്‍ സമയ പ്രസിഡന്റാണ് വേണ്ടത്. സംസ്ഥാന നേതാക്കള്‍ വിളിച്ചാല്‍ പോലും ഫോണ്‍ എടുക്കാന്‍ സമയമില്ലാത്ത പ്രസിഡന്റായി ഷാഫി മാറി- നേതാക്കൾ കടന്നാക്രമിച്ചു.

ഫിറോസ് കുന്നുംപറമ്പിലിന് സീറ്റ് നൽകിയതും കടുത്ത വിമർശനത്തിന് കാരണമായി. മലപ്പുറം ജില്ലയിലെ യൂത്ത് കോണ്‍ഗ്രസിന് ലഭിക്കേണ്ട സീറ്റ് പാലക്കാടുകാരനായ ചാരിറ്റി തട്ടിപ്പുക്കാരന് നല്‍കിയത് പേയ്‌മെന്റ് വാങ്ങിയാണോ എന്നും നേതാക്കള്‍ ചോദിച്ചു. സംസ്ഥാന കമ്മിറ്റിയില്‍ യാതൊരു വിധ കൂടിയാലോചനകളും നടത്താതെ ഏകപക്ഷീയമായി നിലപാട് എടുക്കുന്നത് ഫാസിസ്റ്റു ശൈലിയാണെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.