എന്നെ ട്രോളിക്കോളു വിദ്യാര്‍ഥികളെ വെറുതെ വിടണം ; മന്ത്രി ശിവന്‍കുട്ടി

0
24

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ വിജയശതമാനം ഉയര്‍ന്നതിന്റെ പേരില്‍ വിദ്യാര്‍ഥികളെ സാമൂഹ്യമാധ്യമങ്ങളില്‍ ട്രോളുന്ന രീതി അവസാനിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പരീക്ഷയില്‍ വിജയിച്ചതന്റെ പേരില്‍ വിദ്യാര്‍ഥികളെ ആക്ഷേപിക്കുന്നത് എന്തിന്റെ പ്രശ്‌നമാണെന്ന് മനസ്സലാകുന്നില്ല. വിദ്യാര്‍ഥികളുടെ മനോവീര്യം തകര്‍ക്കുന്നതും മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ പരിഹാസം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയനേതാക്കളെ ട്രോളുന്നത് പോലെയല്ല കൊച്ചുകുട്ടികളെ പരിഹസിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകള്‍

പരീക്ഷയില്‍ വിജയിച്ചുവെന്ന് പറഞ്ഞ് വിദ്യാര്‍ഥികളെ ആക്ഷേപിക്കുന്ന ഒരു രീതി കണ്ടുവരുന്നു. ഇത് എന്തിന്റെ പ്രശ്‌നമാണെന്ന് മനസ്സിലാകുന്നില്ല. സ്‌കൂളില്‍ പോകാത്തവരും പരീക്ഷ പാസ്സായി, അന്യസംസ്ഥാന തൊഴിലാളികളും പരീക്ഷ പാസ്സായിട്ടുണ്ട് തുടങ്ങിയ ട്രോളുകള്‍ കണ്ടു. തമാശ നല്ലതാണ്, എല്ലാവര്‍ക്കും ഇഷ്ടവുമാണ്. പക്ഷേ കുട്ടികളെ പരിഹസിക്കുന്നത് സമൂഹത്തിലെ ഭൂരിഭാഗം പേരും അംഗീകരിക്കുന്നില്ല. ഇത്തരം ട്രോളുകളുണ്ടാക്കുന്നവര്‍ മാത്രമാണ് ഇതെല്ലാം ആസ്വദിക്കുന്നത്.

നമ്മുടെ കുട്ടികളാണ് അവര്‍, കഷ്ടപ്പെട്ട് പഠിച്ചാണ് മിടുക്കരായി പരീക്ഷ പാസ്സാകുന്നത്. അവരുടെ മനോവീര്യം തകര്‍ക്കുന്നതും മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ പ്രവൃത്തികള്‍ ഒഴിവാക്കണം. ഒരുപാട് കുട്ടികള്‍ കരഞ്ഞുകൊണ്ട് വിളിക്കുകയും മന്ത്രിക്ക് ഉള്‍പ്പെടെ നേരിട്ട് പരാതി നല്‍കുകയും ചെയ്യുന്നുണ്ട്. തങ്ങളുടെ മാതാപിതാക്കള്‍ കൂലിപ്പണിക്കാരും തോട്ടം തൊഴിലാളികളുമൊക്കെയാണ്, ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലാണ് പഠിച്ച് പരീക്ഷയെഴുതുന്നതെന്നാണ് പലരും പറയുന്ന പരാതി.

ഒരു ജനാധിപത്യ സമൂഹമാണ്, അതിരു കടക്കുന്നത് ശരിയല്ല. ഇത്തരം ട്രോളുകളും പരിഹാസങ്ങളും കുറച്ചധികമായി കാണുന്നതിനാലാണ് ഇത് പറയുന്നത്. രാഷ്ട്രീയ പ്രവര്‍ത്തകരെന്ന നിലയില്‍ ഞങ്ങളൊക്കെ ഇതെല്ലാം കാണുകയും സന്തോഷിക്കുകയും ദുഖിക്കുകയുമൊക്കെ ചെയ്താണ് ഇതുവരെ എത്തിയത്. അതുപോലെ വിദ്യാര്‍ഥികളെ പരിഹസിക്കരുത്.