ടൂറിസ്റ്റ് ടാക്സി തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കും: മന്ത്രി മുഹമ്മദ് റിയാസ്

0
46

 

ടൂറിസം മേഖലയിൽ തൊഴിലെടുക്കുന്ന ടാക്സി തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു.

ടൂറിസ്റ്റ് പാക്കേജ് ടാക്സി തൊഴിലാളി മേഖലയിലെ വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ പങ്കെടുത്തു.ആവശ്യങ്ങളും പ്രശ്നങ്ങളും തൊഴിലാളികൾ യോഗത്തിൽ അവതരിപ്പിച്ചു. ടൂറിസം മേഖലയിലെ ടാക്സി തൊഴിലാളികൾക്ക് ഏകീകൃത ഐഡി കാർഡ് വേണമെന്ന ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.

ശുചിമുറി, വിശ്രമ സൗകര്യം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കും. ഡ്രൈവർമാർക്ക് വിദഗ്ധ പരിശീലനം നൽകി സഞ്ചാരികൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനും തീരുമാനിച്ചു.

തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഗണിക്കാൻ അതത് മേഖലയിലെ റിസോർട്ട്, ഹോട്ടൽ ഉടമകളുടെ കൂടി മുൻകൈയിൽ പദ്ധതികൾ ആസൂത്രണം ചെയ്യും. ധനകാര്യ, തൊഴിൽ വകുപ്പുകളുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യേണ്ട വിഷയങ്ങളും സംഘടനാപ്രതിനിധികൾ ഉന്നയിച്ചിട്ടുണ്ട്.

ഇക്കാര്യം ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുമായി ചർച്ചചെയ്യും.ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാരുടെ മാനസികാരോഗ്യവും മെച്ചപ്പെട്ട ജീവിത നിലവാരവും ഉറപ്പുവരുത്താൻ വിനോദസഞ്ചാര വകുപ്പ് പ്രതിജ്ഞാബന്ധമാണെന്നും അവരുടെ ജീവൽപ്രശ്നമായി ഉയർന്നുവന്ന വിഷയങ്ങൾ പരിഹരിക്കാൻ സർക്കാർ ക്രിയാത്മക ഇടപെടലുകൾ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ടൂറിസം മേഖലയിലെ ടാക്സി ഡ്രൈവർമാർ, ടൂർ ഓപ്പറേറ്റർമാർ, റിസോർട്ട്, ഹോട്ടൽ, ഹൗസ്ബോട്ട് മാനേജ്മെന്റുകൾ എല്ലാവരും ഒരുമിച്ച് നിന്നാലേ ടൂറിസം മേഖലയിൽ മികച്ച മുന്നേറ്റം ഉണ്ടാക്കാനാകൂവെന്ന് യോഗം ചൂണ്ടിക്കാട്ടി. യോഗത്തിൽ പി.നന്ദകുമാർ എംഎൽഎ, ടൂറിസം അഡീഷണൽ ചീഫ് സെക്രട്ടറി വി.വേണു, ഡയറക്ടർ കൃഷ്ണ തേജ്, യൂണിയൻ പ്രതിനിധികളായ തങ്കച്ചൻ, മുഹമ്മദ് നിസാർ, അൻസാർ സി.എം, ശ്രീനിവാസ് കെ, അബിൻ സുകുമാരൻ, ജോമോൻ ജോയ്, എസ്. നാഗസംഗീത്, തുടങ്ങിയവർ പങ്കെടുത്തു.