Saturday
10 January 2026
21.8 C
Kerala
HomePoliticsതൃപ്പൂണിത്തുറ: അയ്യപ്പന്‍റെ പേരു പറഞ്ഞ് വോട്ടുനേടിയെന്ന സ്വരാജിന്‍റെ ഹർജിയിൽ കെ ബാബുവിന് നോട്ടീസ്

തൃപ്പൂണിത്തുറ: അയ്യപ്പന്‍റെ പേരു പറഞ്ഞ് വോട്ടുനേടിയെന്ന സ്വരാജിന്‍റെ ഹർജിയിൽ കെ ബാബുവിന് നോട്ടീസ്

 

തൃപ്പൂണിത്തുറ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്‍ത് എം സ്വരാജ് നല്‍കിയ ഹർജിയിൽ കെ ബാബു എംഎൽഎക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ അയ്യപ്പന്‍റെ പേര് പറഞ്ഞും ശബരിമല വിഷയം ഉന്നയിച്ചുമാണ് വോട്ട് അഭ്യര്‍ത്ഥിച്ചെന്നാണ് സ്വരാജിന്‍റെ പ്രധാന വാദം.

കെ ബാബുവിന്‍റെ ജയം അസാധുവായി പ്രഖ്യാപിച്ചു തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സ്വരാജ് ഹർജിയിൽ ആവശ്യപ്പെട്ടു.
തൃപ്പൂണിത്തുറ മണ്ഡലത്തില്‍ കെ ബാബുവിന്‍റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ 15നാണ് എം സ്വരാജ് ഹൈക്കോടതിയില്‍ ഹർജി നൽകിയത്.

അയ്യപ്പന്‍റെ പേരില്‍ വോട്ട് ചോദിച്ചുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. അയ്യപ്പന്‍റെ പേര് ദുരുപയോഗം ചെയ്താണ് ബാബു വിജയിച്ചത്. അയ്യനെ കെട്ടിക്കാന്‍ വന്ന സ്വരാജിനെ കെട്ടുകെട്ടിക്കണം എന്ന തരത്തില്‍ ചുമരെഴുത്തുകള്‍ വരെയുണ്ടായി. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച സ്ലിപ്പുകള്‍ വിതരണം ചെയ്തു.

ഇതില്‍ ബാബുവിന്‍റെ പേരു ചിഹ്നവുമുണ്ടായിരുന്നു. മണ്ഡലത്തിന്‍റെ പലഭാഗങ്ങളിലും സ്ഥാനാര്‍ത്ഥി നേരിട്ടെത്തി അയ്യപ്പന്‍റെ പേരില്‍ വോട്ട് ചോദിച്ചു. ജാതി, മതം, ഭാഷ, സമുദായം എന്നിവയുടെ പേരില്‍ വോട്ട് ചോദിക്കരുതെന്ന തെരഞ്ഞെടുപ്പ് ചട്ടത്തിന്‍റെ ലംഘനം നടത്തിയ ബാബുവിന്‍റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് സ്വരാജിന്‍റെ ആവശ്യം.

RELATED ARTICLES

Most Popular

Recent Comments