നിയമസഭാ കേസ് ; വിചാരണ നേരിടണമെന്ന് സുപ്രീംകോടതി

0
87

2015ൽ നിയമസഭയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ടകേസ്‌ പിൻവലിക്കാനാകില്ലെന്നും വിചാരണ നേരിടണമെന്നും സുപ്രീംകോടതി.

കേസ്‌ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്ഥാനസർക്കാർ സമർപ്പിച്ച ഹർജിയിലാണ്‌ ജസ്‌റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്‌, എം ആർ ഷാ എന്നിവർ അംഗങ്ങളായ സുപ്രീംകോടതി ബെഞ്ചിന്റെ വിധി .

അന്നത്തെ സർക്കാരിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾക്കെതിരെയായിരുന്നു നിയമസഭയിലെ പ്രതിഷേധം. പ്രതിപക്ഷ എംഎൽഎമാർ പ്രതിഷേധിച്ചപ്പോൾ ട്രഷറി ബെഞ്ചിൽനിന്ന്‌ അവർക്കെതിരെയും ആക്രമണമുണ്ടായി. പല വനിതാ എംഎൽഎമാർക്കും പരിക്കേറ്റു.

അന്നത്തെ പ്രതിഷേധം അവിടെ അവസാനിച്ചു. അതിന്റെ പേരിൽ നടപടികൾ നീട്ടിക്കൊണ്ടുപോകുന്നതിൽ അർഥമില്ലെന്നും സംസ്ഥാനസർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രഞ്‌ജിത്‌കുമാർ വാദിച്ചു.

എംഎൽഎമാരായിരുന്ന ഇ പി ജയരാജൻ, വി ശിവൻകുട്ടി, സി കെ സദാശിവൻ, കെ ടി ജലീൽ, കെ കുഞ്ഞഹമ്മദ്‌, കെ അജിത്‌ തുടങ്ങിയവർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്‌ദീപ്‌ഗുപ്‌തയും അഡ്വ. പി എസ്‌ സുധീറും വാദിച്ചിരുന്നു.