സുനന്ദ പുഷ്​കറിൻറെ മരണം: ശശി തരൂരിനെതിരെ കുറ്റം ചുമത്തുമോ എന്ന്​ ഇന്നറിയാം

0
62

സുനന്ദ പുഷ്‌കർ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ ഭർത്താവ്​ ശശി തരൂർ കുറ്റവിമുക്​തനാകുമോ അതോ വിചാരണ നേരിടണമോയെന്ന് ഡൽഹി റോസ്അവന്യൂ കോടതി ഇന്ന്​ വിധി പറയും. തരൂരിനെതിരെ ഐ.പി.സി 306 ആത്മഹത്യ പ്രേരണ, 498എ ഗാർഹിക പീഡനം എന്നീകുറ്റങ്ങളാണ് ഡൽഹി പൊലീസ്​ കുറ്റപത്രത്തിൽ ചേർത്തിരിക്കുന്നത്. മുൻ കേന്ദ്രമന്ത്രി കൂടിയായ തരൂർ ഇപ്പോൾ ജാമ്യത്തിലാണുള്ളത്​.

ശശി തരൂരിന് മേൽ ആത്മഹത്യ പ്രേരണയ്‌ക്കോ, കൊലപാതകത്തിനോ കുറ്റം ചുമത്തണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം. സുനന്ദ പുഷ്‌ക്കറിന്റെ ആരോഗ്യസ്ഥിതി മോശമാകാൻ കാരണം ശശി തരൂരിന്റെ മാനസിക പീഡനമാണെന്നും ആരോപണമുണ്ട്. കുറ്റം ചുമത്തുന്നതിൽ കോടതി നിലപാട് നിർണായകമാകും.

അതേസമയം, തനിക്കെതിരെ തെളിവുകൾ ഇല്ലെന്നാണ് ശശി തരൂരിന്റെ വാദം. സുനന്ദയുടെ മരണം ആത്മഹത്യയായോ, നരഹത്യയായോ കാണാൻ കഴിയില്ല. ആകസ്മിക മരണമാണെന്നും വാദിച്ചിരുന്നു. വിഷം കുത്തിവയ്ച്ചുവെന്ന ആരോപണം നിലനിൽക്കില്ലെന്നും തരൂർ ചൂണ്ടിക്കാട്ടി. 2014 ജനുവരി പതിനേഴിനാണ് ഡൽഹിയിലെ ആഡംബര ഹോട്ടലിൽ സുനന്ദയെ മരിച്ചനിലയിൽ കണ്ടെത്തിയത്.