വ്യാജ ആരോപണം: രമ്യ ഹരിദാസ് കുടുങ്ങും, മാനനഷ്ടക്കേസ് കൊടുക്കുമെന്ന് സനൂഫ്

0
64

രമ്യഹരിദാസ് എംപിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ലോക്ക്ഡൗണ്‍ നിയമലംഘനം ചൂണ്ടിക്കാണിച്ചതിന്‍റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മര്‍ദനത്തിനിരയായ സനൂഫ മുഹമ്മദ്. ആരോപണങ്ങള്‍ തെളിയിക്കാന്‍ എംപിയെ സനൂഫ് വെല്ലുവിളിച്ചു. ആക്രമിക്കാന്‍ ആഹ്വാനം ചെയ്തത് രമ്യഹരിദാസ് എംപിയാണെന്നും ഇവര്‍ക്കെതിരെ കൂടി കേസെടുക്കണമെന്നും സനൂഫ് ആവശ്യപ്പെട്ടു. യുവാവിന്‍റെ പരാതിയില്‍ വി ടി ബല്‍റാം, പാളയം പ്രദീപ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ലോക്ക് ഡൗണ്‍ ലംഘനം ചൂണ്ടിക്കാണിച്ചതിന്‍റെ പേരില്‍ രമ്യഹരിദാസ് എംപി വ്യാജ പ്രചാരണം നടത്തി അപമാനിക്കുകയാണ്. കൈയ്യില്‍ കയറി പിടിച്ചു എന്നുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ തെളിയിക്കാന്‍ രമ്യഹരിദാസ് തയ്യാറാവണം. ഇല്ലെങ്കില്‍ പരസ്യമായി മാപ്പ് പറയണം. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ തട്ടിയെടുക്കാന്‍ രമ്യ ഹരിദാസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പാളയം പ്രദീപും വി ടി ബല്‍റാമുമെല്ലാം ചേര്‍ന്ന് പിന്തുടര്‍ന്ന് ആക്രമിച്ചത്. രമ്യ ഹരിദാസിനെതിരെ പരാതിയും മൊ‍ഴിയും നല്‍കിയെങ്കിലും പോലീസ് കേസെടുത്തില്ല. ജനപ്രതിനിധിയെന്ന നിലയിലുള്ള അവകാശങ്ങളും സ്ത്രീ സുരക്ഷ നിയമവുമെല്ലാം ദുരുപയോഗം ചെയ്യുകയാണ് രമ്യഹരിദാസ്. തന്‍റെ കൈയ്യില്‍ എല്ലാ കാര്യങ്ങളും വ്യക്തമാകുന്ന വീഡിയോ ഉള്ളതിനാലാണ് രക്ഷപ്പെട്ടത്. കള്ളപ്രചാരണങ്ങള്‍ ജീവിതത്തെ ബാധിക്കുമോയെന്ന ആശങ്കയുണ്ടെന്നും എംപിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും സനൂഫ് പറഞ്ഞു.