ദുല്‍ഖര്‍ സൽമാൻ പോലീസ് റോളിൽ; ചിത്രം ‘സല്യൂട്ട് ചിത്രീകരണം പൂര്‍ത്തിയായി

0
76

ദുല്‍ഖര്‍ സല്‍മാന്റെ മുഴുനീള പോലീസ് വേഷവുമായി എത്തുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ആണ് ‘സല്യൂട്ട്’. ഹൈദരബാദില്‍ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. ചിത്രീകരണം പൂര്‍ത്തിയായതിന്റെ സന്തോഷം പങ്കുവയ്ക്കാന്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് സോഷ്യല്‍ മീഡിയയില്‍ എത്തി.

‘ഞങ്ങളുടെ എല്ലാ സാങ്കേതിക വിദഗ്ധര്‍ക്കും എന്റെ പ്രിയപ്പെട്ട നിര്‍മ്മാതാവ് ദുല്‍ഖറിനും ഒരു വലിയ നന്ദി. ഈ സിനിമ വളരെ സവിശേഷവും എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നതുമാണ്.നന്ദി, ജോം, ബിബിന്‍, സാമി, സുജയ്, രതീഷ് എന്നും റോഷന്‍ ആന്‍ഡ്രൂസ് കുറിച്ചു.

ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ബോബി – സഞ്ജയ് കൂട്ടുകെട്ടാണ്. സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ പൂര്‍ത്തിയായി. അവസാന ചിത്രീകരണം രാമോജി ഫിലിം സിറ്റിയില്‍ ആയിരുന്നു. വേഫറെര്‍ ഫിലിമ്സിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. ദുല്‍ഖര്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തില്‍ മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.