പിറവം ഇലഞ്ഞിയില്‍ വന്‍ കള്ളനോട്ടടി സംഘം അറസ്റ്റിൽ, ഇ ഡി അന്വേഷണം തുടങ്ങി

0
31

പിറവം ഇലഞ്ഞിയില്‍ വന്‍ കള്ളനോട്ടടിസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ താമസിച്ച വാടകവീട്ടില്‍ നിന്നും കള്ളനോട്ട് നിര്‍മാണ സാമഗ്രികളും ഏഴ് ലക്ഷം രൂപയുടെ വ്യാജ നോട്ടുകളും പൊലീസ് പിടിച്ചെടുത്തു. കിളിരൂര്‍, റാന്നി, വണ്ടിപ്പെരിയാര്‍ സ്വദേശികളായ സംഘമാണ് പിടിയിലായത്. 500 രൂപയുടെ കറന്‍സി നോട്ടുകളാണ് ഇവിടെ അച്ചടിച്ചിരുന്നത്. ഒമ്പതു മാസമായി ഈ വീടു കേന്ദ്രീകരിച്ചു കള്ളനോട്ടു നിര്‍മാണം നടത്തി വരികയായിരുന്നെന്നാണ് വിവരം. വ്യാജ നോട്ടുകളും നോട്ട് എണ്ണുന്ന മെഷീന്‍, പ്രിന്റര്‍, നോട്ടടിക്കുന്ന മെഷീന്‍, പേപ്പര്‍ എന്നിവയും പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം ഇലഞ്ഞിയിലെ മാര്‍ക്കറ്റില്‍ ഒരു കച്ചവടക്കാരനു കള്ളനോട്ടു ലഭിച്ചതിനെതുടര്‍ന്ന് വിവരം ഇന്റലിജന്‍സ് ബ്യൂറോയെ അറിയിച്ചു. പണം കൈമാറിയ സംഘം താമസിക്കുന്ന വീട് തിരിച്ചറിഞ്ഞ ഐബി ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നടത്തിയ റെയ്ഡിലാണ് കള്ളനോട്ട് പിടികൂടിയത്. കെട്ടിട നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെന്ന വ്യാജേനെയാണ് സംഘം ഇലഞ്ഞിയില്‍ വാടക വീടെടുത്തിരുന്നത്.അറസ്റ്റിലായവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.