താൽക്കാലികമായി അടച്ച മാർക്കറ്റ്, ബസ് സ്റ്റാൻഡ് തുടങ്ങിയവയുടെ ഫീസുകൾക്ക് കിഴിവ് നൽകും

0
61

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പ്രാദേശിക സർക്കാരുകളുടെയും വികസന അതോറിറ്റികളുടെയും അധീനതയിലുള്ള, അടച്ചിടാൻ നിർബന്ധിതമായ മാർക്കറ്റുകൾ, ഗേറ്റുകൾ, ജംഗാറുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് ഏർപ്പെടുത്തിയ ഫീസിൽ, കാലയളവിന് ആനുപാതികമായി കുറവുവരുത്തുമെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

തദ്ദേശ സ്ഥാപനങ്ങളും വികസന അതോറിറ്റികളും ലേല പ്രക്രിയയിലൂടെ വിട്ടുനൽകിയതും ലോക്ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്ന് 2020-21 സാമ്പത്തിക വർഷത്തിൽ താൽക്കാലികമായ അടച്ചിട്ടവയ്ക്കാണ് ഗേറ്റ് ഫീസ്, മാർക്കറ്റ് ഫീസ്, ജംഗാർ ഫീസ്, ബസ് സ്റ്റാൻഡ് ഫീസ്, തോണി കടത്ത് ഫീസ് തുടങ്ങിയവയിൽ അടച്ചിട്ട കാലയളവിന് ആനുപാതികമായി കിഴിവ് നൽകുന്നത്.

1998ലെ കേരള പഞ്ചായത്ത് രാജ് ചട്ടത്തിലെ കരാറുകാർക്കും പാട്ടക്കാർക്കും കിഴിവ് അനുവദിക്കൽ വ്യവസ്ഥ പ്രകാരവും 98ലെ കേരള മുനിസിപ്പാലിറ്റി ചട്ടങ്ങളിലെ പാട്ടക്കാർക്കും ലൈസൻസികൾക്കും കരാറുകാർക്കും കിസ്തിളവ് അനുവദിക്കൽ വ്യവസ്ഥ പ്രകാരവുമാണ് ഇളവ് അനുവദിക്കുന്നതെന്നും അതിനായി ഉത്തരവിറക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ എല്ലാവിഭാഗം ജനങ്ങളുടെയും ആകുലതകൾ തുടച്ചുമാറ്റാൻ പരിശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള തീരുമാനങ്ങളെന്ന് മന്ത്രി കൂട്ടിചേർത്തു.