കേന്ദ്രമന്ത്രിയുടെ പ്രസ്താവന നിർഭാഗ്യകരമാണ്, സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമം നേരിടുന്നതായി ആരോഗ്യമന്ത്രി

0
34

സംസ്ഥാനത്ത് പല ജില്ലകളും വാക്‌സിൻ ക്ഷാമം നേരിടുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ്ജ്. തിരുവനന്തപുരം ഉൾപ്പെടെ പല ജില്ലകളിലും വാക്‌സിൻ സ്‌റ്റോക്കില്ലെന്നും നിലവിലെ സാഹചര്യം കേന്ദ്രത്തെ അറിയിച്ചതായും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

നിലവിലെ സാഹചര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. നിരന്തരം അവരെ ബന്ധപ്പെടുന്നുണ്ട്. കൂടുതൽ വാക്‌സീൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ കണക്ക് സുതാര്യമാണെന്നും അടുത്ത മാസം 60 ലക്ഷം ഡോസ് വാക്‌സീൻ ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു. വാക്‌സീൻ വാങ്ങി തരേണ്ടവർ തന്നെ കുറ്റം പറയുന്നതിൽ അർത്ഥമില്ല. 50 ശതമാനം പേർക്ക് രോഗം പിടിപെടാനോക്കാനായത് കേരളത്തിന്റെ മികവ് കൊണ്ടാണെന്നും മന്ത്രി പറഞ്ഞു.

1.66 കോടി ഡോസിലധികം വാക്‌സിനാണ് കേന്ദ്രം നൽകിയത്. 1.88 കോടി പേർക്ക് വാക്‌സിൻ നൽകി. 45 വയസിന് മുകളിലുള്ള 76 ശതമാനം പേർക്ക് ആദ്യഡോസ് നൽകി. 35 ശതമാനത്തിന് രണ്ടാം ഡോസ് നൽകി. വയനാട്, കാസർകോട് ജില്ലകളിൽ 45 മുകളിലുള്ളവർക്ക് നൂറു ശതമാനം വാക്‌സിനേഷൻ പൂർത്തിയായി. വയനാട്, കാസർകോട് ജില്ലകളിൽ 45 വയസിനു മുകളിലുള്ളവർക്ക് നൂറു ശതമാനം വാക്‌സിൻ നൽകിയതായും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ വാക്‌സിനേഷൻ നിരക്ക് മറ്റു സംസ്ഥാനങ്ങളെക്കാൾ മുകളിലാണ്. വാക്‌സീൻ നൽകുന്നതിൽ വേർതിരിവ് ഇല്ല. എല്ലാവർക്കും വാക്‌സിൻ അവകാശമുണ്ട്. വാക്‌സിൻ ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവർക്കും നൽകുമെന്നും വീണ ജോർജ്ജ് വ്യക്തമാക്കി.

വാക്സിൻ സംബന്ധിച്ച് കേന്ദ്രമന്ത്രിയുടെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടു. കേരളത്തിന് വാക്സിൻ ലഭ്യമാക്കേണ്ടവർ തന്നെ ഇങ്ങനെ പറയുന്നതിൽ നിർഭാഗ്യകരമാണ്. കേരളത്തിൽ വളരെ സുതാര്യമായാണ് വാക്സിൻ വിതരണം നടത്തുന്നത്. കേന്ദ്ര സർക്കാരിന്റെ കോവിൻ പോർട്ടലിൽ നിന്നും ആർക്കും മനസിലാക്കാവുന്നതാണ്.

അദ്ദേഹത്തോട് അഭ്യർത്ഥിക്കാനുള്ളത് ആവശ്യത്തിനനുസരിച്ച് കേരളത്തിന് വാക്സിൻ നൽകണമെന്നാണ്. അടുത്തമാസം 60 ലക്ഷം ഡോസ് വാക്സിൻ ആവശ്യമാണ്. കേന്ദ്രത്തിന്റെ ഏറ്റവും പുതിയ സിറൊ സർവൈലൻസ് റിപ്പോർട്ട് പ്രകാരം 42 ശതമാനം പേരിൽ മാത്രമാണ് ആന്റിബോഡിയുള്ളത്. 50 ശതമാനത്തിലധികം പേർക്ക് ഇനിയും രോഗം വരാൻ സാധ്യതയുള്ളവരാണ്. അതിനാൽ എല്ലാവർക്കും വാക്സിൻ നൽകുക പ്രധാനമാണ്.