കുഞ്ഞാലിക്കുട്ടിയുടെ മകന്റെ എആർ നഗർ ബാങ്കിലെ നിക്ഷേപം കണ്ടുകെട്ടി, പണത്തിന് രേഖകളില്ലെന്ന് നികുതി വകുപ്പ്

0
75

മുസ്ലിംലിഗ് നേതാവും മുൻമന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടിയുടെ മകന് കോടികളുടെ അനധികൃത നിക്ഷേപം. കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഹാഷിഖിന്റെ പേരിൽ മലപ്പുറം എ ആർ നഗർ സഹകരണബാങ്കിലെ അക്കൗണ്ടിൽ അനധികൃത നിക്ഷേപം ഉള്ളതായി ആദായനികുതി വകുപ്പ് കണ്ടെത്തി. ഹാഷിഖിന്റെ പേരിൽ മൂന്നര കോടി രൂപയുടെ സ്ഥിരനിക്ഷേപം ബാങ്കിൽ ഉണ്ടായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്.

ഇതുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് ബാങ്കിന് നല്‍കിയ ഉത്തരവിന്റെ പകർപ്പിലും ഇക്കാര്യം വ്യക്തമാക്കുന്നു. കൃത്യമായ രേഖകകളില്ലാത്ത പണമാണ് കണ്ടുകെട്ടിയിട്ടുള്ളത്. കള്ളപ്പണമെന്ന് ചൂണ്ടിക്കാട്ടി ആദായനികുതിവകുപ്പ് ബാങ്കില്‍ പരിശോധന നടത്തി കോടികൾ കണ്ടുകെട്ടിയിരുന്നു. ഇതിലാണ് കുഞ്ഞാലിക്കുട്ടിയുടെ മകന്റെ നിക്ഷേപവും ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. ആദായനികുതി വകുപ്പിന്റെ കോഴിക്കോട് അന്വേഷണവിഭാഗം എആര്‍ സഹകരണബാങ്കിന് നല്‍കിയ ഉത്തരവില്‍ പരാമര്‍ശിക്കുന്ന 53 പേരുടെ പട്ടികയില്‍ ഒന്നാം പേരുകാരനാണ് ഹാഷിഖ് പാണ്ടിക്കടവത്ത്.

ഇക്കഴിഞ്ഞ മെയ് 25 നാണ് ആദായനികുതിവകുപ്പ് എ ആര്‍ നഗര്‍ സഹകരണബാങ്കില്‍ നിന്നും കള്ളപ്പണം കണ്ടുകെട്ടിയത്. പട്ടികയിലെ ഒന്നാം പേരുകാരന്‍ പ്രവാസി ബിസിനസുകാരന്‍ കൂടിയായ ഹാഷിഖ് പാണ്ടിക്കടവത്താണ്. എന്നാല്‍ എത്ര തുകയാണ് കണ്ടുകെട്ടിയതെന്ന് ഉത്തരവിലില്ലെങ്കിലും മൂന്നരക്കോടിയുടെ സ്ഥിരനിക്ഷേപവും അതിന്റെ പലിശയനിത്തില്‍ ഒന്നരക്കോടിയുമെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. ഹാഷിഖ് പാണ്ടിക്കടവത്ത് പികെ കുഞ്ഞാലിക്കുട്ടിയുടെ മകനാണെന്നും പ്രവാസി ബിസിനസുകാരനാണെന്നും രേഖകളില്‍ പറയുന്നു.

അതിനിടെ അനധികൃത നിക്ഷേപവും കണ്ടെത്തിയ ബാങ്കിലുള്ള ഈ നിക്ഷേപത്തെക്കുറിച്ച്‌ കുഞ്ഞാലിക്കുട്ടിയില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. ബാങ്കിലുള്ള നിക്ഷേപം കള്ളപ്പണമല്ലെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. തുക മകന്റെ പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റി നിക്ഷേപിച്ചതാണെന്നാണ് അദ്ദേഹം പറയുന്നത്. നേരായ വഴിയിലൂടെ മണി ട്രാന്‍സ്ഫര്‍ നടത്തി. രേഖകള്‍ ചാട്ടേര്‍ഡ് അക്കൗണ്ടന്റ് വഴി ആദായനികുതി വകുപ്പിന് മുന്‍പില്‍ ഹാജരാക്കിയിട്ടുണ്ടെന്നുമാണ് കുഞ്ഞാലിക്കുട്ടി നൽകുന്ന വിശദീകരണം.