സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ഡൗൺ: പൊതുഗതാഗതം ഉണ്ടാകില്ല

0
59

 

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചു. സംസ്ഥാനത്ത് ഇന്ന് വാരാന്ത്യലോക്ക്ഡൗണും കർശനമായി നടപ്പിലാക്കും. സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക് ഡൗണാണ്.

അത്യാവശ്യ മെഡിക്കൽ സേവനങ്ങളും അവശ്യ സർവീസുകളും സർക്കാർ നിർദേശിച്ച മറ്റ്‌ വിഭാഗങ്ങൾക്കും മാത്രമേ യാത്ര അനുവദിക്കൂ. പൊലീസ്‌ പരിശോധന കർശനമാക്കും. പൊതുഗതാഗതം ഉണ്ടാകില്ല. അവശ്യ സേവന മേഖലയ്‌ക്കായി കെഎസ്‌ആർടിസി സർവീസ്‌ നടത്തും.

അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രം. ‘ഡി’ വിഭാഗം പ്രദേശങ്ങളിൽ മുപ്പൂട്ടായിരിക്കും. തിങ്കളാഴ്‌ച മുതൽ ഇളവുകൾ തുടരും.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാറ്റഗറി എ, ബി പ്രദേശങ്ങളിൽ കേന്ദ്രസംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കമ്മീഷനുകൾ, കോർപറേഷനുകൾ തുടങ്ങിയവയിൽ 50 ശതമാനം ഉദ്യോഗസ്ഥരേയും, കാറ്റഗറി സിയിൽ 25 ശതമാനം ഉദ്യോഗസ്ഥരേയും, മാത്രമേ അനുവദിക്കൂ.

എ,ബി വിഭാഗത്തിൽ ബാക്കിവരുന്ന 50 ശതമാനം പേരും, സിയിൽ ബാക്കി വരുന്ന 75 ശതമാനം വരുന്ന എല്ലാ മേഖലയിലെ ഉദ്യോഗസ്ഥരും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കണം.

കാറ്റഗറി ഡിയിൽ അവശ്യ സർവീസുകൾ മാത്രമേ പ്രവർത്തിക്കു. ഡി വിഭാഗത്തിലെ ബഹുഭൂരിപക്ഷം ജീവനക്കാരേയും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കും. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങൾ ക്ലസ്റ്ററുകളായി കണക്കാക്കണം. അതൊടൊപ്പം മൈക്രോ കണ്ടെയ്ൻമെന്റ് സംവിധാനവും നടപ്പിലാക്കും.