വാക്‌സീന്റെ രണ്ടാം ഡോസ് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന് അതിശക്തമായ ഉത്തേജനം നല്‍കുന്നതാണെന്ന് സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റി

0
26

കോവിഡ്19 വാക്‌സീന്റെ രണ്ടാം ഡോസ് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന് അതിശക്തമായ ഉത്തേജനം നല്‍കുന്നതാണെന്ന് സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. രണ്ടാം ഡോസ് എടുക്കാതെ പോകരുതെന്ന ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശത്തിന് അടിവരയിടുന്നതാണ് പഠനം. നേച്ചര്‍ മാസികയില്‍ പ്രസിദ്ധീകരിച്ച പഠനം ഫൈസറിന്റെ വാക്‌സീന്‍ ഉയര്‍ത്തി വിടുന്ന വിവിധ പ്രതിരോധ പ്രതികരണങ്ങളെ വിശദമായി അടയാളപ്പെടുത്തുന്നു. വാക്‌സീന്‍ എടുത്ത 56 വ്യക്തികളുടെ രക്ത സാംപിളുകളാണ് ഗവേഷകര്‍ ഇതിനായി വിലയിരുത്തിയത്. വാക്‌സീന്‍ ആദ്യ ഡോസും കൊറോണ വൈറസിനെതിരായ ആന്റിബോഡി തോത് ഉയര്‍ത്തുന്നുണ്ടെങ്കിലും രണ്ടാം ഡോസിന്റെ അത്ര ശക്തമല്ല ഇത് മൂലമമുള്ള ഉത്തേജനമെന്ന് പഠനത്തില്‍ കണ്ടെത്തി. ആദ്യ ഡോസ് ചെയ്യാത്ത ചില കാര്യങ്ങള്‍ കൂടി രണ്ടാം ഡോസ് കൊണ്ട് കൈവരിക്കപ്പെടുന്നുണ്ടെന്ന് ഗവേഷകര്‍ പറഞ്ഞു. ആദ്യ തവണയില്‍ ഇല്ലാതിരുന്ന ടി-കോശങ്ങളുടെ പ്രതികരണം രണ്ടാം ഡോസ് വാക്‌സീന്‍ ഉണ്ടാക്കി. ആന്റിബോഡികളുടെ തോതിലും പ്രകൃത്യായുള്ള പ്രതിരോധ പ്രതികരണത്തിലും പല മടങ്ങ് വര്‍ധനയും ദൃശ്യമായി. മോണോസൈറ്റ് കോശങ്ങളുടെ ഒരു ഉപവിഭാഗമെന്ന് പറയാവുന്ന റെസ്‌പോണ്ടര്‍ കോശങ്ങളുടെ ഒരു അണിനിരക്കലിനും രണ്ടാം ഡോസ് കാരണമായി. വാക്‌സിനേഷന് മുന്‍പ് ചംക്രമണം നടത്തുന്ന രക്ത കോശങ്ങളുടെ 0.01 ശതമാനം മാത്രമായിരുന്ന ഈ പ്രത്യേക കോശങ്ങള്‍ രണ്ടാം ഡോസിന് ശേഷം 100 മടങ്ങ് വര്‍ധിച്ച് രക്തകോശങ്ങളുടെ ഒരു ശതമാനമായി മാറി. വിവിധ തരത്തിലുള്ള വൈറല്‍ അണുബാധയ്‌ക്കെതിരെ സംരക്ഷണം നല്‍കാന്‍ പ്രാപ്തിയുള്ളവയാണ് ഈ കോശങ്ങളെന്നും ഗവേഷണറിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.