വാക്‌സിൻ നൽകുന്നതിൽ കേരളം ദേശീയ ശരാശരിയേക്കാൾ മുന്നിൽ: മുഖ്യമന്ത്രി

0
79

 

കോവിഡ് പ്രതിരോധ വാക്‌സിൻ നൽകുന്നതിൽ കേരളം ദേശീയ ശരാശരിയെക്കാൾ മുന്നിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയിൽ 130 കോടി ജനങ്ങളിൽ 33,17,76,050 പേർക്ക് ഒന്നാം ഡോസും 8,88,16,031 പേർക്ക് രണ്ടാം ഡോസും ഉൾപ്പെടെ 42,05,92,081 പേർക്കാണ് വാക്‌സിൻ നൽകിയത്.

അതായത് ജനസംഖ്യാടിസ്ഥാനത്തിൽ 25.52 ശതമാനം പേർക്ക് ഒന്നാം ഡോസും 6.83 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. എന്നാൽ കേരളത്തിൽ 2021ലെ ജനസംഖ്യാടിസ്ഥാനത്തിൽ 35.51 ശതമാനം പേർക്ക് ഒന്നാം ഡോസും 14.94 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാളും കൂടുതലാണ്.

സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരിൽ ഏകദേശം 100 ശതമാനം പേരും (5,46,656) ഒന്നാം ഡോസ് വാക്‌സിൻ എടുത്തിട്ടുണ്ട്. 82 ശതമാനം പേർ (4,45,815) രണ്ടാം ഡോസ് എടുത്തു. മുന്നണി പോരാളികളിൽ ഏകദേശം 100 ശതമാനം പേരും (5,59,826) ഒന്നാം ഡോസ് വാക്‌സിൻ എടുത്തിട്ടുണ്ട്. 81 ശതമാനം പേർ (4,55,862) രണ്ടാം ഡോസ് എടുത്തിട്ടുണ്ട്.

രണ്ടാം ഡോസ് എടുക്കുന്നതിന് 12 ആഴ്ചയുടെ കാലാവധി ഉള്ളതാണ് ഇരുവിഭാഗങ്ങളിലും രണ്ടാം ഡോസ് 100 ശതമാനം പേർക്കും നൽകുന്നതിന് വിഘാതമായത്.18 വയസിനും 44 വയസിനും ഇടയിൽ പ്രായമുള്ള വിഭാഗത്തിൽ 18 ശതമാനം പേർക്ക് (27,43,023) ഒന്നാം ഡോസ് ലഭിച്ചിട്ടുണ്ട്. ഒന്നാം ഡോസ് ലഭിച്ചിട്ട് 12 ആഴ്ചയ്ക്ക് ശേഷമാണ് ഇവർക്ക് രണ്ടാം ഡോസ് ലഭിക്കുന്നത്. അതിനാൽ 2,25,549 പേർക്കാണ്

രണ്ടാം ഡോസ് എടുക്കാനായത്.

18 മുതൽ 45 വയസ് വരെ പ്രായമുള്ളവരിൽ ആദ്യഘട്ടത്തിൽ മുൻഗണനാ വിഭാഗത്തിലുള്ളവർക്കും അനുബന്ധ രോഗങ്ങളുള്ളവർക്കുമാണ് വാക്‌സിൻ നൽകിയത്.

ജൂൺ 21 മുതൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് 18 മുതൽ 45 വയസ് പ്രായമുള്ളവരെ വാക്‌സിൻ ലഭിക്കുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയത്.45 വയസിന് ശേഷമുള്ള 75 ശതമാനം പേർക്ക് (84,90,866) ഒന്നാം ഡോസും 35 ശതമാനം പേർക്ക് (39,60,366) രണ്ടാം ഡോസും നൽകിയിട്ടുണ്ട്.

വാക്‌സിനേഷൻ സംബന്ധിക്കുന്ന വിവരങ്ങൾ ദിവസവും പ്രസിദ്ധീകരിക്കുന്ന കോവിഡ് വാക്‌സിനേഷൻ ബുള്ളറ്റിൻ ലഭ്യമാണ്. ഇത് എല്ലാ ദിവസവും ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക ബുള്ളറ്റിനിൽ പ്രസിദ്ധീകരിക്കുന്നുണ്ട്.
ആകെ 4,99,000 വാക്‌സിനാണ് നിലവിൽ ബാക്കിയുള്ളത്.

ചിലർ 10 ലക്ഷം ഡോസ് വാക്‌സിൻ ഇവിടെയുണ്ട് എന്ന് പറയുന്നതു കേട്ടു. ശരാശരി രണ്ടുമുതൽ രണ്ടര ലക്ഷം ഡോസ് വാക്‌സിൻ ഒരു ദിവസം കൊടുക്കുന്നുണ്ട്. ആ നിലയ്ക്ക് നോക്കിയാൽ കൈവശമുള്ള വാക്‌സിൻ രണ്ടു ദിവസം കൊണ്ട് തീരും. സംസ്ഥാനത്തെ ഈ നിലയിൽ കുറച്ചു കാണിക്കാനുള്ള ശ്രമം ദേശീയതലത്തിൽ ഉണ്ടായതിനാലാണ് കണക്കുകൾ വിശദീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.