കുഴൽപ്പണക്കടത്ത് ; പണം കടത്തിയത് സുരേന്ദ്രന്റെ അറിവോടെ, ബിജെപിക്ക് കുരുക്കായി കുറ്റപത്രം, 22 പ്രതികള്‍

0
117

നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി കേരളത്തിലേക്ക് കുഴൽപ്പണരൂപത്തിൽ കോടികൾ കൊണ്ടുവന്നത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ അറിവോടെയാണെന്ന് കുറ്റപത്രം. പണം കൊണ്ടുവന്നത് ബംഗളൂരുവില്‍ നിന്നാണ്. ബിജെപിക്ക് വേണ്ടിയാണ് പണം എത്തിച്ചതെന്നും കുറ്റപത്രത്തിലുണ്ട്.

കള്ളപ്പണം കേരളത്തിലേക്ക് കൊണ്ടുവന്ന ധര്‍മരാജന്‍ സുരേന്ദ്രന്റേയും ബിജെപി സംഘടനാ സെക്രട്ടറി എം ഗണേശന്റേയും അടുപ്പക്കാരനാണെന്നും കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നു.വെള്ളിയാഴ്‌ചയാണ്‌ കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ 625 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം ഇരിങ്ങാലക്കുട കോടതിയില്‍ സമര്പ്പിച്ചത്.

22 പേര്‍ക്ക് എതിരെയാണ് കുറ്റപത്രം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഏഴാം സാക്ഷിയാണ്. സുരേന്ദ്രന്റെ മകന്‍ അടക്കം 216 പേര്‍ കൂടി സാക്ഷി പട്ടികയിലുണ്ട്. പൊലിസ് മൊഴിയെടുത്ത 19 ബിജെപി നേതാക്കളെയാണ് സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കള്ളപ്പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വേണമെന്ന് കുറ്റപത്രത്തില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് കൊടകര ദേശീയപാതയില്‍ മൂന്നരക്കോടി രൂപ ക്രിമിനല്‍സംഘം കവര്‍ന്നത്. ഒരു കോടി 45 ലക്ഷം രൂപയും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.