ടോക്യോ നാളെ മിഴിതുറക്കും ; ഉദ്ഘാടനച്ചടങ്ങുകള്‍ ആഘോഷമില്ലാതെ

0
70
20 July 2021, Japan, Tokio: In the evening twilight Olympic rings stand in front of the Olympic Stadium. The Olympic Stadium is the sports venue of the opening ceremony and closing ceremony as well as for the track and field athletes and football. The Olympic Games 2020 Tokyo will take place from 23.07.2021 to 08.08.2021. Photo: Michael Kappeler/dpa/Sipa USA

കോവിഡ് കാലത്തെ ഒളിമ്പിക്സിന് ഇനി ഒരുനാള്‍. ഒരുമയെന്ന ആശയത്തിലാണ് ഈ മേള. രണ്ടുവര്‍ഷമായി ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന മഹാമാരിയെ അതിജീവിച്ചാണ് ടോക്യോയില്‍ കായികലോകം ഒന്നിക്കുന്നത്. നാളെ നടക്കുന്ന ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ആഘോഷമില്ല. എല്ലാം പേരിനുമാത്രം. ഒരു ടീമിലെ ആറ് ഒഫീഷ്യല്‍സിനും കുറച്ച് കായികതാരങ്ങള്‍ക്കും മാത്രമാകും മാര്‍ച്ച് പാസ്റ്റില്‍ അണിനിരക്കാനാവുക. പിറ്റേദിവസം മത്സരത്തിനിറങ്ങുന്ന കായികതാരങ്ങളെ അനുവദിക്കില്ല.

പതിനൊന്നായിരത്തില്‍പ്പരം കായികതാരങ്ങളാണുള്ളത്. ഒഫീഷ്യല്‍സുംകൂടിയാകുമ്പോള്‍ എണ്ണം ഇരുപതിനായിരം കവിയും. ഈ സാഹചര്യത്തിലാണ് എണ്ണം കുറച്ചത്. പരമാവധി ആയിരംപേരായിരിക്കും ഉദ്ഘാടനച്ചടങ്ങുകളില്‍ പങ്കെടുക്കുക. കാണികള്‍ക്കും പ്രവേശനമില്ല. ടോക്യോയിലെ നാഷണല്‍ സ്റ്റേഡിയത്തിലാണ് ചടങ്ങുകള്‍. ഇതിനിടെ ടോക്യോയില്‍ കോവിഡ് കേസുകള്‍ കൂടുന്നത് ആശങ്കയായി തുടരുന്നു. വൈറസിനൊപ്പമുള്ള മേളയായിരിക്കുമെന്നാണ് മുന്നറിയിപ്പ്.

പതിനേഴു ദിവസങ്ങള്‍ നീളുന്ന മേളയില്‍ പുതിയ താരോദയങ്ങള്‍ക്കുള്ള കാത്തിരിപ്പാണ്. ട്രാക്കില്‍ യുസൈന്‍ ബോള്‍ട്ടിനും നീന്തല്‍ക്കുളത്തില്‍ മൈക്കേല്‍ ഫെല്‍പ്സിനും പിന്‍ഗാമികളെ തേടുന്നു. കോവിഡ് കാരണം നിരവധി താരങ്ങള്‍ പിന്മാറിയിട്ടുണ്ട്. മേളയുടെ 32–ാംപതിപ്പാണ് ടോക്യോയില്‍.