നടൻ കെ.ടി.എസ്. പടന്നയിൽ വിടവാങ്ങി

0
69

കെ.ടി.എസ് പടന്നയിൽ 88ാം വയസിൽ വിടവാങ്ങുമ്പോൾ‌ ബാക്കിയാവുന്നത് മലയാളികളെ പൊട്ടിച്ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ കഥാപാത്രങ്ങൾ.അപ്രസക്തമായേക്കാവുന്ന നിരവധി കഥാപാത്രങ്ങളാണ് കെ.ടി.എസ് പടന്നയിൽ തന്റെ അഭിനയമികവ് കൊണ്ടും, സ്വാഭാവിക ഹാസ്യ ശൈലികൊണ്ടും മലയാളിയുടെ ഓർമയിൽ വേരുറപ്പിച്ചത്.

നാടകലോകത്ത് നിന്നാണ് പടന്നയിൽ സിനിമയിലെത്തുന്നത്. തൊണ്ണൂറുകളിൽ ​ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് സിനിമയിൽ പ്രശസ്തനാവുന്നത്.

ത്രീമെൻ ആർമി, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, ആദ്യത്തെ കണ്മണി, അനിയൻ ഭാവ ചേട്ടൻ ഭാവ, സ്വപ്ന ലോകത്തെ ബാലഭാസ്കരൻ, വൃദ്ധന്മാരെ സൂക്ഷിക്കുക, ദില്ലിവാല രാജകുമാരൻ, കഥാനായകൻ, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, അമ്മ അമ്മായിയമ്മ, തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ മുഴുനീള വേഷങ്ങൾ.

1956ൽ ‘വിവാഹ ദല്ലാൾ’ എന്നതായിരുന്നു ആദ്യ നാടകം. 1957ൽ സ്വയം എഴുതി തൃപ്പൂണിത്തുറയിൽ ‘കേരളപ്പിറവി’ എന്ന നാടകം അവതരിപ്പിച്ചു.

സിനിമയിൽ ശ്രദ്ധേയനായിരുന്നിട്ട് കൂടി ജീവിത പ്രാരാബ്ധങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. വാർധക്യകാലത്തും തൃപ്പൂണിത്തുറയിലെ മുറുക്കാൻ കടയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തെ ആശ്രയിച്ചായിരുന്നു ജീവിതം. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും, ജീവിത ക്ലേശങ്ങൾക്കിടയിലും കെ.ടി.എസ് പടന്നയിലിന്റെ മുഖത്തെ ചിരി മാഞ്ഞിരുന്നില്ല.

വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയവേയാണ് ഒട്ടനവധി കഥാപാത്രങ്ങളെ ബാക്കിയാക്കി അദ്ദേഹത്തിന്റെ മടക്കം.