ന്യൂനപക്ഷ സ്‌കോളർഷിപ്പിന്റെ പേരിൽ സമൂഹത്തിൽ ഭിന്നത വളർത്തരുത്‌ : പാളയം ഇമാം

0
63

 

 

ന്യൂനപക്ഷ സ്‌കോളർഷിപ്പിന്റെ പേരിൽ ഭിന്നത വളർത്തരുതെന്ന്‌ പാളയം ഇമാം ഡോ. വി പി സുഹൈബ്‌ മൗലവി. ഈ വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾ സൗഹൃദാന്തരീക്ഷം തകർക്കരുതെന്നും വലിയപെരുന്നാൾ ദിനത്തിൽ നൽകിയ ഈദ്‌ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

ലക്ഷ്യദ്വീപിൽ അഡ്‌മിനിസ്‌ട്രേറ്റർ നടത്തുന്നത്‌ അന്യായമാണെന്നും ഇമാം പറഞ്ഞു. ആ ജനതയെയ അധികാരം ഉപയോഗിച്ച്‌ ബുദ്ധിമുട്ടിക്കുകയാണ്‌. കരിനിയമങ്ങൾ അടിച്ചേൽപ്പിച്ച്‌ ദ്വീപ്‌ നിവാസികളെ ഉപദ്രവിക്കുന്നു. അഡ്‌മിനിസ്‌ട്രേറ്ററുടെ നടപടികൾ ചോദ്യം ചെയ്യപെടേണ്ടതാണെന്നും ഇമാം പറഞ്ഞു.

സ്‌ത്രീധനം പോലുള്ള ദുരാചാരങ്ങളിൽനിന്ന്‌ യുവാക്കൾ അകന്ന്‌ നിൽക്കണം. സ്‌ത്രീധനത്തിന്റെ പേരിൽ വലിയ വെല്ലുവിളികൾ നാട്‌ അഭിമുഖീകരിക്കുമ്പോൾ സ്‌ത്രീധനം വാങ്ങി വിവാഹം കഴിക്കില്ലെന്ന്‌ യുവാക്കൾ തീരുമാനിക്കണം. സ്‌ത്രീധനം ചോദിക്കുന്നവർക്ക്‌ മകളെ വിവാഹം ചെയ്‌ത്‌ കൊടുക്കില്ലെന്ന്‌ മാതാപിതാക്കളും തീരുമാനമെടുക്കണമെന്ന്‌ ഇമാം പറഞ്ഞു.