തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ദ്രവീകൃത മെഡിക്കൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചു

0
86

 

രോഗികൾക്ക് സുഗമമായി ഓക്സിജൻ എത്തിക്കാൻ ജനറൽ ആശുപത്രിയിൽ ദ്രവീകൃത മെഡിക്കൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചു. 6000 കിലോ ലിറ്റർ സംഭരണ ശേഷിയുള്ള പ്ലാന്റ് സ്ഥാപിച്ചത് ജില്ലാ നിർമിതി കേന്ദ്രമാണ്. ഓക്സിജൻ പൈപ്പ്ലൈനുകളുടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.

വൈകാതെ തന്നെ ഐ സി യുവിലേക്കും വാർഡുകളിലേക്കും ഓക്സിജന്റെ സുഗമമായ ലഭ്യത ഉറപ്പുവരുത്താനാകുമെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

മേയ് അവസാന വാരം ആരംഭിച്ച പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ ഒന്നര മാസം കൊണ്ടു പൂർത്തിയായി. ബ്രിഡ്ജിങ് ട്രാക്കുകൾ നിർമ്മിക്കുന്നതിനുള്ള പ്രാരംഭഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ജില്ലാ നിർമ്മിതി കേന്ദ്രത്തിനു തന്നെയാണ് ഇതിന്റെയും നിർമ്മാണ ചുമതല. ആശുപത്രിയിലെ എല്ലാ വാർഡുകളിലേക്കും ഓക്സിജൻ പൈപ്പുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും.

ജനറൽ ആശുപത്രി അധികൃതരുടെയും ജില്ലാ നിർമിതി കേന്ദ്രത്തിന്റെയും കെ എം എസ് സി എല്ലിന്റെയും സമയോചിതമായ ഇടപെടലും സഹകരണവുമാണ് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കിയത്. ദ്രവീകൃത മെഡിക്കൽ ഓക്സിജൻ പ്ലാന്റ് പ്രവർത്തന സജ്ജമായാൽ ഓക്സിജൻ ദൗർലഭ്യതയ്ക്ക് പരിഹാരമാകുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.