സ്ത്രീകളെ ലക്ഷ്യമിടുന്നു ,15 വയസിന് മുകളിലുള്ള പെൺകുട്ടികളുടെ ലിസ്റ്റ് ആവശ്യപ്പെട്ടു താലിബാൻ

0
86

അഫ്ഗാനിൽ ആധിപത്യം സ്ഥാപിക്കുന്ന തീവ്രവാദ സംഘടന താലിബാൻ സ്ത്രീകളെ ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകൾ. പ്രദേശിക മതനേതാക്കളിൽ നിന്ന് 15 ന് മുകളിലുള്ളതും, വിധവകളായ 45 വയസിന് താഴെയുള്ളതുമായ സ്ത്രീകളുടെ വിവരങ്ങൾ നൽകാൻ താലിബാൻ ആവശ്യപ്പെട്ടുവെന്നാണ് പുതിയ വാർത്ത.

ഇത് സംബന്ധിക്കുന്ന താലിബാൻ സാംസ്കാരിക വിഭാഗത്തിൻറെ നോട്ടീസ് അഫ്ഗാൻ മാധ്യമ പ്രവർത്തകർ അടക്കം പുറത്തുവിട്ടിട്ടുണ്ട്. ദ സൺ റിപ്പോർട്ട് പ്രകാരം പൊരുതുന്ന പോരാളികൾക്കായി 15 ന് മുകളിലുള്ളതും, 45ന് കീഴിലുള്ള വിധവകളായതുമായ സ്ത്രീകളുടെ ലിസ്റ്റ് ഒരോ സ്ഥലത്തെയും ഇമാമുമാരും, മൊല്ലമാരും നൽകണമെന്ന് താലിബാൻ കൾച്ചറൽ കമ്മീഷൻ നോട്ടീസ് നൽകിയതായി പറയുന്നു.

അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്നും പിൻമാറിയതിന് പിന്നാലെ, ഇറാൻ, പാക്സ്ഥാൻ, ഉസ്ബകിസ്ഥാൻ, തജക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ അഫ്ഗാൻ അതിർത്തിയിലെ നിരവധി ജില്ലകളുടെ അധിപത്യം താലിബാൻ പിടിച്ചെടുത്തിരുന്നു. ഇത്തരം സ്ഥലങ്ങളിലാണ് ഈ നോട്ടീസ് നൽകിയിരിക്കുന്നത്. ഒപ്പം തന്നെ ഇവിടങ്ങളിൽ കർശനമായ ഇസ്ലാമിക നിയമം നടപ്പിലാക്കുന്നു എന്ന് പരിശോധിക്കാനുള്ള താലിബാൻ സംവിധാനമാണ് താലിബാൻ കൾച്ചറൽ കമ്മീഷൻ.

2001 ലെ അമേരിക്കൻ ആക്രമണത്തിന് മുൻപ് അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണമായിരുന്നു. അന്ന് സ്ത്രീകൾക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കാനോ, വിദ്യാഭ്യാസം ചെയ്യാനോ അവകാശം ഉണ്ടായിരുന്നില്ല. അതിനൊപ്പം തന്നെ പുരുഷനോടൊപ്പം അല്ലാതെ പുറത്തിറങ്ങാനും സാധിക്കില്ലായിരുന്നു.

ഈ നിയമങ്ങൾ തെറ്റിച്ചാൽ പൊതുജന മധ്യത്തിൽ താലിബാൻ മതപൊലീസ് ശിക്ഷ നൽകുമായിരുന്നു. ഫിനാഷ്യൽ ടൈംസിലെ പുതിയ റിപ്പോർട്ട് പ്രകാരം,താലിബാൻ ആധിപത്യം നേടിയ പ്രദേശങ്ങളിലെ പെൺകുട്ടികൾ കടുത്ത ഭീതിയിലാണ്. പെൺകുട്ടികൾ വീട്ടിൽ തന്നെ ഇപ്പോൾ ഉച്ചത്തിൽ ശബ്ദിക്കാറില്ലെന്നും, വെള്ളിയാഴ്ച ചന്തകളിൽ പോകാറില്ലെന്നും, വീട്ടിൽ പോലും സംഗീതം ഒഴിവാക്കിയെന്നും പറയുന്നു.

അഫ്ഗാൻ നേതാവ് ഹാജി റോസി ബെയ്ഗിൻറെ വാക്കുകൾ പ്രകാരം, താലിബാൻറെ കണ്ണിൽ പതിനെട്ട് കഴിയും മുൻപ് ഒരു പെൺകുട്ടിയെ വിവാഹം കഴിപ്പിക്കാതിരിക്കുന്നത് പാപമാണ് എന്നാണ് അവർ വിശ്വസിക്കുന്നത്