കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി കാസർകോട് ഗവ. മെഡിക്കൽ കോളേജിൽ റെസിഡൻഷ്യൽ കോംപ്ലക്‌സിന് 29 കോടി രൂപയുടെ സാങ്കേതികാനുമതിയായി. ഗേൾസ് ഹോസ്റ്റലിന്റെ നിർമ്മാണത്തിനായി 14 കോടി രൂപയും ടീച്ചേഴ്‌സ് ക്വാർട്ടേഴ്‌സിന്റെ നിർമ്മാണത്തിനായി 11 കോടി രൂപയുമാണ് വകയിരുത്തിയത്.
6600 ച. മീ വിസ്തീർണമുളള, നാല് നിലകളോടു കൂടിയ ഒരു ഗേൾസ് ഹോസ്റ്റലും 4819 ച.മീ വിസ്തീർണ്ണമുളളതും ഒമ്പത് നിലകളോടും കൂടിയ ടീച്ചേഴ്‌സ് ക്വാർട്ടേഴ്‌സും ഉൾപ്പെടുത്തികൊണ്ടാണ് മെഡിക്കൽ കോളേജിന്റെ റെസിഡൻഷ്യൽ കോംപ്ലക്‌സ് നിർമ്മാണത്തിന് സാങ്കേതികാനുമതി ലഭിച്ചത്.
ഇതോടൊപ്പം കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി എട്ട് കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ച മെഡിക്കൽ കോളേജിലെ ജലവിതരണ സംവിധാനത്തിന്റെ ടെൻഡർ പൂർത്തിയായി. മെഡിക്കൽ കോളേജ് ക്യാമ്പസിലേക്കും സമീപ പ്രദേശങ്ങളിലേക്കും ജലവിതരണം ചെയ്യുന്ന രീതിയിലുളള ജലവിതരണ പദ്ധതിയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുളളത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നിർവഹണ ഉദ്യോഗസ്ഥയായ പദ്ധതി കിറ്റ്‌കോ വഴിയാണ് നടപ്പാക്കുന്നത്.
ഗേൾസ് ഹോസ്റ്റലിന്റെ ഒന്നാം നിലയിൽ ഭക്ഷണ മുറി, വിശ്രമ മുറി, കിച്ചൺ, സ്റ്റോർ റൂം, സിക്ക് റൂം, റിക്രിയേഷൻ ഹാൾ, സ്റ്റഡി റൂം, ഗസ്റ്റ് റൂം, വാഷ് റൂം, ജിം സൗകര്യം, വിശാലമായ ലാൻഡ് സ്‌കേപ്പ് ക്വാർട്ടിയാർഡ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടും, മൂന്നും നിലകളിലായി 21.175 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ രണ്ട് കിടക്കകളോടു കൂടിയ കിടപ്പുമുറികളും ശുചിമുറികളും അലക്കുന്നതിനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഒമ്പത് നിലകളോടു കൂടിയ ടീച്ചേഴ്‌സ് ക്വാർട്ടേഴ്‌സ് കിടപ്പുമുറി, ശുചിമുറി, ഡൈനിംഗ് ഹാൾ, വിശ്രമ മുറി, കിച്ചൺ, സ്റ്റോർ റൂം, സിക്ക് റൂം, ഫയർ റൂം, റിക്രിയേഷൻ ഹാൾ, ഗസ്റ്റ് റൂം, വാഷ് റൂം, ജിം സൗകര്യം, ലിഫ്റ്റ സൗകര്യം എന്നിങ്ങനെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് നിർമ്മിക്കുന്നത്.
നിലവിലെ ജലവിതരണ സ്‌കീമിൽ നിന്നും ഒരു അധിക ഫീഡർലൈൻ സ്ഥാപിച്ച് ബദിയഡുക്കയിലുളള മെഡിക്കൽ കോളേജ് ക്യാമ്പസിലേക്കും സമീപ പ്രദേശങ്ങളിലേക്കും ജലവിതരണം ചെയ്യുന്ന രീതിയിലാണ് വാട്ടർ സപ്ലൈ സ്‌കീം നിർമ്മിക്കുക.
0.88 എം.എൽ.ഡി ശുദ്ധീകരിച്ച വെളളം മെഡിക്കൽ കോളേജ് ക്യാമ്പസിലേക്ക് വിതരണം ചെയ്യാൻ മൂന്ന് ലക്ഷം ലിറ്റർ സംഭരണശേഷിയുളള റിസർവോയർ എൻമകജെ പഞ്ചായത്തിലെ പെർളയിലും മൂന്ന് ലക്ഷം ലിറ്റർ സംഭരണശേഷിയുളള റിസർവോയർ ബദിയഡുക്ക മെഡിക്കൽ കോളേജ് ക്യാമ്പസിലും നിർമ്മിക്കും. എട്ട് കോടി രൂപ വകയിരുത്തിയ ഈ ജലവിതരണ പദ്ധതിയുടെ ഉറവിടം ഷിറിയ നദിയാണ്.
ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാസർകോട് വികസന പാക്കേജ് ജില്ലാതല സാങ്കേതിക കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. നിലവിൽ കാസർകോട് വികസന പാക്കേജിൽ 30 കോടി രൂപയ്ക്ക് പൂർത്തിയായ അക്കാദമിക് കെട്ടിടത്തിലാണ് കോവിഡ് ആശുപത്രി പ്രവർത്തിക്കുന്നത്.
82 കോടി രൂപ ചെലവിൽ നബാർഡിന്റെ ധനസഹായത്തോടെ 400 കിടക്കകൾ ഉളള ആശുപത്രി കെട്ടിടത്തിന്റെ പ്രവൃത്തി ദ്രുതഗതിയിൽ പൂർത്തിയായി വരികയാണ്. കൂടാതെ മെഡിക്കൽ കോളേജിനോട് ചേർന്ന അനുബന്ധ റോഡ് 10 കോടി രൂപ ചെലവിൽ കാസർകോട് വികസന പാക്കേജ് ഉൾപ്പെടുത്തി പൂർത്തിയായിട്ടുണ്ട്.
മെഡിക്കൽ കോളേജ് റെസിഡൻഷ്യൽ കോംപ്ലക്‌സിന്റെ ടെണ്ടർ നടപടി ഉടൻ ആരംഭിക്കുമെന്ന് കാസർകോട് വികസന പാക്കേജ് സ്‌പെഷ്യൽ ഓഫീസർ ഇ പി രാജമോഹൻ പറഞ്ഞു.