ഇന്ത്യക്കാരെ നിയമവിരുദ്ധമായി നിരീക്ഷിക്കാൻ ആരാണ് ചുമതലപ്പെടുത്തിയത്, കേന്ദ്രം വിശദീകരിക്കണം : സിപിഐ എം

0
74

 

ചാരവൃത്തിക്കുള്ള ഇസ്രയേലി സോഫ്റ്റ്വെയർ ഉപയോഗിച്ച് ഇന്ത്യക്കാരെ നിയമവിരുദ്ധമായി നിരീക്ഷിക്കാൻ ആരാണ് ചുമതലപ്പെടുത്തിയതെന്ന് കേന്ദ്രസർക്കാർ വിശദീകരിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. ഇസ്രയേലിന്റെ രാജ്യാന്തര ചാരവൃത്തിസ്ഥാപനമായ എൻഎസ്ഒയുടെ പെഗാസിസ് സോഫ്റ്റ്വെയർ ഇന്ത്യ വാങ്ങിയിട്ടുണ്ടെന്ന വിവരം ആശങ്കജനകമാണ്.

‘സർക്കാരുകളുടെ’ അംഗീകാരത്തോടെ മാത്രമേ പ്രവർത്തിച്ചിട്ടുള്ളുവെന്ന് എൻഎസ്ഒ വിശദീകരിക്കുന്നു. നിരവധി മാധ്യമപ്രവർത്തകരുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും സ്മാർട്ട് ഫോണുകളിൽ നുഴഞ്ഞുകയറി അവരെ നിരീക്ഷിച്ചുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. എൻഎസ്ഒയുടെ ഇടപാടുകാരായ രാജ്യങ്ങളിലെ പൗരന്മാരെ നിരീക്ഷിച്ച 50,000ൽപരം സംഭവങ്ങളാണ് വെളിച്ചത്തായത്. റുവാണ്ട, മൊറോക്കോ, സൗദി അറേബ്യ, യുഎഇ, മെക്സിക്കോ എന്നീ രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇക്കാര്യത്തിൽ ഇന്ത്യയും വന്നിട്ടുള്ളത്.

ഇന്ത്യയിൽ മാധ്യമപ്രവർത്തകർ, സാമൂഹികപ്രവർത്തകർ, പ്രതിപക്ഷപാർടികളുടെ നേതാക്കൾ, സർക്കാർ ഉദ്യോഗസ്ഥർ, ബിസിനസ് എക്സിക്യൂട്ടീവുകൾ എന്നീ വിഭാഗങ്ങളിലെ നൂറുകണക്കിനു പേരുടെ ഫോൺ ചോർത്തിയിട്ടുണ്ടെന്ന് പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു.

അപകടകരമായ ഈ ചാരസോഫ്റ്റ്വെയർ ഇന്ത്യ ഉപയോഗിക്കുന്നതായി വാട്ട്സ്ആപ്പ് വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സിപിഐ എം രണ്ട് വർഷം മുമ്പ് പാർലമെന്റിൽ ചൂണ്ടിക്കാട്ടിയിരുന്നു. എൻഎസ്ഒയുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ടെന്നത് പൂർണമായും നിഷേധിക്കാതെ, ‘നിയമവിരുദ്ധ നിരീക്ഷണം’ നടക്കുന്നില്ലെന്ന് മാത്രമാണ് മോഡിസർക്കാർ പ്രതികരിച്ചത്.

സ്വന്തം പൗരന്മാർക്ക് എതിരായി മോഡിസർക്കാർ എൻഎസ്ഒയെ ഉപയോഗിക്കുന്നുവെന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു. എൻഎസ്ഒയുമായുള്ള ബന്ധം എന്താണെന്നും ഇതിന്റെ വ്യവസ്ഥകൾ എന്താണെന്നും എത്രമാത്രം പൊതുപണം ഇതിനായി ഉപയോഗിച്ചിട്ടുണ്ടെന്നും മോഡിസർക്കാർ വിശദീകരിക്കേണ്ടതുണ്ട്.

ചാരവൃത്തിക്കുള്ള സോഫ്റ്റ്വെയർ ഉപയോഗിച്ച് സ്മാർട്ട്ഫോണുകൾ സർക്കാർ ഹാക്ക്ചെയ്താലും ഇന്ത്യയിൽ നിയമവിരുദ്ധമാണ്. സ്വകാര്യതസംരക്ഷിക്കാനുള്ള അവകാശം മൗലികമാണെന്ന് സുപ്രീംകോടതി ആവർത്തിച്ച് ഉറപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് നിയമനിർമാണം നടത്തുന്നതിൽനിന്ന് മോഡിസർക്കാർ ഒഴിഞ്ഞുമാറുകയാണ്.

മനുഷ്യാവകാശ പ്രവർത്തകരുടെ സ്മാർട്ട്ഫോണുകളും കംപ്യൂട്ടറുകളും ഹാക്ക്ചെയ്തത് പുറത്തുവന്നിട്ടുണ്ട്. ഇതുവഴി ഡിജിറ്റൽ തെളിവുകൾ കെട്ടിച്ചമച്ച്, കിരാതനിയമങ്ങളുടെ അടിസ്ഥാനത്തിൽ അറസ്റ്റുകൾ നടക്കുന്നു.

ഫാസിസ്റ്റ് സ്വഭാവത്തോടെയുള്ള ഈ അമിതാധികാരപ്രയോഗം അംഗീകരിക്കാൻ കഴിയില്ല. ‘നിരീക്ഷിക്കുക, കൃത്രിമ തെളിവുകൾ സൃഷ്ടിക്കുക, അറസ്റ്റുചെയ്യുക’ എന്ന രീതിയിൽ ബിജെപി സർക്കാർ നടത്തുന്ന പ്രവർത്തനം ഭരണഘടനവിരുദ്ധമാണ്–പിബി പ്രസ്താവനയിൽ പറഞ്ഞു.