പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി സിദ്ദു , എതിർപ്പ് പ്രകടിപ്പിച്ചു കോൺഗ്രസ്‌ എംപിമാർ

0
76

 

മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഉയർത്തിയ എതിർപ്പുകൾ വകവെക്കാതെ പഞ്ചാബ് പി സി സി അധ്യക്ഷനായി നവ്‌ജോത് സിംഗ് സിദ്ദുവിനെ നിയമിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. സിദ്ദുവിനെ കോൺഗ്രസ് അധ്യക്ഷനാക്കിയാൽ സംസ്ഥാനത്ത് പാർട്ടി പിളരുമെന്ന് ചൂണ്ടിക്കാട്ടി രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഹൈക്കമാൻഡിന് കത്തയച്ചിരുന്നു.

തന്നെ താക്കോൽസ്ഥാനങ്ങളിൽ അവരോധിക്കാത്തതിൽ പ്രതിഷേധിച്ച് നേരത്തേ സിദ്ദു പാർട്ടിയിൽ നിരവധി തവണ കലാപക്കൊടി ഉയർത്തിയിരുന്നു. മുൻ ക്രിക്കറ്റ് താരമായിരുന്ന സിദ്ദു 2004ൽ ബി ജെ പിയിലൂടെയാണ് രാഷ്ട്രീയ ഇന്നിംഗ്സ് ആരംഭിച്ചത്.

സിദ്ദുവിനെ പിസിസി അധ്യക്ഷനാക്കാനുള്ള ഹൈക്കമാൻഡ്‌ പദ്ധതി ഉപാധികളോടെ മുഖ്യമന്ത്രി അമരീന്ദർ അംഗീകരിച്ചിരുന്നു. പിന്നാലെയാണ്‌ എംപിമാർ പരസ്യമായി എതിർപ്പ്‌ പ്രകടിപ്പിച്ചത്‌. സർക്കാരിനെതിരെ നടത്തിയ പ്രസ്‌താവനകൾക്ക്‌ സിദ്ദു പരസ്യമായി മാപ്പ്‌ പറയണമെന്നും മന്ത്രിസഭാ പുനഃസംഘടനയിൽ പൂർണ സ്വാതന്ത്ര്യം ലഭിക്കണമെന്നുമായിരുന്നു അമരീന്ദറിന്റെ ഉപാധി.

2017ൽ കോൺഗ്രസ്‌ സംസ്ഥാനത്ത്‌ അധികാരമേറ്റതുമുതൽ അമരീന്ദറും സിദ്ദുവും രണ്ട്‌ ചേരിയാണ്‌. കലഹം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ പാർടിയിലും സർക്കാരിലും പുനഃസംഘടന എന്ന പദ്ധതി സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മുന്നോട്ടുവച്ചത്‌.