ഏകദിന പരമ്പര: ഇന്ത്യയുടെ യുവനിരക്ക് ശ്രീലങ്കയിൽ വിജയത്തുടക്കം

0
37

 

ശ്രീലങ്ക-ഇന്ത്യ ഏകദിന പരമ്പരയിൽ ഇന്ത്യയുടെ യുവനിരക്ക് ശ്രീലങ്കയിൽ വിജയത്തുടക്കം. ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ ഗംഭീര ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 262 റൺസെടുത്തപ്പോൾ 36.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 263 റൺസെടുത്തു.

ശിഖർ ധവാൻ പുറത്താകാതെ 86 റൺസ് എടുത്തു. അരങ്ങേറ്റ ഏകദിനത്തിൽ തന്നെ അർധ സെഞ്ച്വറി നേടിയ ഇശാൻ കിഷനും ധവാന് മികച്ച പിന്തുണ നൽകി. 59 റൺസാണ് കിഷൻ എടുത്തത്.ഓപണർ പൃഥ്വി ഷാ 43 റൺസെടുത്തു. മനീഷ് പാണ്ഡെ 26ഉം സൂര്യകുമാർ യാദവ് 31ഉം റൺസെടുത്തു. ലങ്കൻ ബോളിംഗ് നിരയിൽ ധനഞ്ജയ ഡിസിൽവ രണ്ട് വിക്കറ്റെടുത്തു. ലക്ഷൺ സന്ദകൻ ഒരു വിക്കറ്റ് നേടി.

ലങ്കൻ നിരയിൽ ചാമിക കരുണാരത്‌നെ പുറത്താകാതെ 35 ബോളിൽ 43 റൺസെടുത്ത് ടോപ്‌സ്‌കോററായി. ക്യാപ്റ്റൻ ദസൂൻ ശനക (39), ചരിത് അസലങ്ക (38), അവിഷ്‌ക ഫെർണാൻഡോ (32), മിനോദ് ഭാനുക (27), ഭാനുക രജപക്‌സ (24) എന്നിവരും താരതമ്യേന മികച്ച പ്രകടനം കാഴ്ചവെച്ചു. ബോളിംഗ് നിരയിൽ ദീപക് ചാഹർ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് എന്നിവർ രണ്ട് വീതവും ഹർദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ എന്നിവർ ഒന്നുവീതവും വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വർ കുമാറിന് വിക്കറ്റൊന്നും കിട്ടിയില്ല.

വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യയുടെ പ്രധാന താരങ്ങൾ ഇംഗ്ലണ്ടിൽ പര്യടനം നടത്തുമ്പോഴാണ് ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള യുവനിര ശ്രീലങ്കയോട് ഏറ്റുമുട്ടുന്നത്.