പെഗാസസ് ഫോൺ ചോർത്തൽ അമിത് ഷായുടെ അറിവോടെയോ ? മറുപടി പറയണം എന്ന് ബി.ജെ.പി. എം.പി. സുബ്രഹ്‌മണ്യന്‍ സ്വാമി

0
91

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് ബി.ജെ.പി. എം.പി. സുബ്രഹ്‌മണ്യന്‍ സ്വാമി. വിഷയത്തില്‍ ആഭ്യന്തര മന്ത്രി വിശദീകരണം നല്‍കിയാല്‍ അത് യുക്തിസഹമായിരിക്കുമെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി പ്രതികരിച്ചു.അല്ലെങ്കില്‍ വാട്ടര്‍ഗേറ്റ് വിവാദം പോലെ യാഥാര്‍ത്ഥ്യം പുറത്തുവന്നാല്‍ അത് ബി.ജെ.പിയെ വ്രണപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ആർക്കുവേണ്ടിയാണ് ഫോൺ ചോർത്തിയതെന്നും ആരാണ് ഫോൺ ചോർത്തിയതെന്നുമുള്ള ചോദ്യങ്ങൾ ചർച്ചയാകുമ്പോഴാണ് അമിത് ഷായുടെ നേർക്ക് ആരോപണം തിരിയുന്നത്. ഫോൺ ചോർത്തപ്പെട്ട മാധ്യമപ്രവർത്തകരുടെ പട്ടികയിൽ അമിത് ഷായുടെ മകൻ ജയ് ഷായ്‌ക്കെതിരെ വാർത്ത നൽകിയ മാധ്യമത്തിലെ മാധ്യമപ്രവർത്തകരുടെ എണ്ണം കൂടുതലാണ്. ഇതോടെയാണ് ഇസ്രായേൽ രഹസ്യ ഇന്റലിജൻസിന്റെ സോഫ്റ്റ്‌വെയർ പെഗാസസിന്റെ ക്ലയന്റാണോ ഇന്ത്യ എന്ന ചോദ്യവും ശക്തമാകുന്നത് .

ഇസ്രഈല്‍ നിര്‍മിത ചാര സോഫ്റ്റ്‌വെയറായ പെഗാസസ് രാജ്യത്തെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.ബിനോയ് വിശ്വം എം.പിയാണ് രാജ്യസഭയില്‍ നോട്ടീസ് നല്‍കിയത്. ലോക്സഭയില്‍ എന്‍.കെ. പ്രേമചന്ദ്രനും നോട്ടീസ് നല്‍കി.

വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കര്‍ഷകസമരവും ഇന്ധനവില വര്‍ധനയും പാര്‍ലമെന്റില്‍ ഉന്നയിച്ച് വര്‍ഷകാല സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനായിരുന്നു പ്രതിപക്ഷം നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച രാവിലെ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പെഗാസസ് ആയുധമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.