‘യൂറോപ്പിനെ നടുക്കി പ്രളയം’മനുഷ്യരാശിക്ക് നൽകുന്ന സൂചനയോ ?

0
77

ലോകം കാലാവസ്ഥ വ്യതിയാനത്തിന്റെ അതിരൂക്ഷമായ പരിണതഫലങ്ങൾ അഭിമുഖീകരിക്കുകയാണ് ഇപ്പോൾ. ആഗോളതലത്തിൽ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ഓരോ രാജ്യങ്ങളുടെ നിലനിൽപ്പിനെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. അപൂർവ്വമായ സസ്യജാലങ്ങളും സുന്ദരമായ കടൽത്തീരങ്ങളും നിറഞ്ഞ വിനോദസഞ്ചാരികളുടെ പറുദീസയായ മഡഗാസ്ക്കർ ഇന്ന് തരിശു ഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണ്. അവിടുത്തെ ജനങ്ങൾ ദാരിദ്ര്യത്തിലേയ്ക്ക് വീഴുകയും ചെയ്യുന്നു.

ഓരോ രാജ്യങ്ങളിലും ഇത്തരത്തിൽ കാലാവസ്ഥ വ്യതിയാനം ആഞ്ഞടിക്കുമ്പോഴാണ് യൂറോപ്പിനെ നടുക്കി വെള്ളപ്പൊക്കം ഉണ്ടായിരിക്കുന്നത്. പേമാരിയും കനത്ത വെള്ളപ്പൊക്കവും ബാധിച്ച യൂറോപ്പിയൻ രാജ്യങ്ങൾ നൽകുന്ന സൂചനയെന്ത് എന്നാണ് ശാസ്ത്രലോകം അന്വേഷിക്കുന്നത്.

യൂറോപ്പിനെ ദുരന്തത്തിലാക്കിയ വെള്ളപ്പൊക്കം വരും വർഷങ്ങളിൽ മനുഷ്യരാശി നേരിടുന്ന പ്രതിസന്ധികളുടെ ഏറ്റവും പുതിയ അടയാളമാണ് എന്ന് ജർമ്മനിയുടെ പോട്‌സ്ഡാം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ഇംപാക്റ്റ് റിസർച്ചിലെ വർക്കിംഗ് ഗ്രൂപ്പ് നേതാവായ ഗെർട്ടൻ വ്യക്തമാക്കുന്നു.

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ ആഗോള സമൂഹം കൂടുതൽ ഒന്നും ചെയ്യുന്നില്ലെങ്കിൽ ഇത്തരം കാലാവസ്ഥാ സംഭവങ്ങളുടെ ആവൃത്തി വർദ്ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ മാസം ആദ്യം പടിഞ്ഞാറൻ അമേരിക്കയുടെയും കാനഡയുടെയും ഭാഗങ്ങളെ ബാധിച്ച മാരകമായ ഉഷ്‌ണ തരംഗം ഇതിന് ഉദാഹരണമെന്നെന്നും അദ്ദേഹം പറഞ്ഞു.

ജർമ്മനിയിലെ വെള്ളപ്പൊക്കത്തിൽ പടിഞ്ഞാറൻ സംസ്ഥാനമായ റൈൻലാന്റ്-പാലറ്റിനേറ്റിന്റെ ഭാഗമായ ഗെർട്ടന്റെ ഗ്രാമം പൂർണമായും നശിച്ചു. കനത്ത മഴയിൽ നദീതീരങ്ങൾ കരകവിയുകയും തെരുവുകൾ ജലപാതകളായി മാറുകയും വാഹനങ്ങളും വീടുകളും നശിക്കുകയൂം ചെയ്തു.അയൽരാജ്യമായ ബെൽജിയത്തിലും ഉണ്ടായ കൊടുങ്കാറ്റിൽ മാരകമായ വെള്ളപ്പൊക്കമുണ്ടായി. ലക്സംബർഗിലും നെതർലാൻഡിലും കനത്ത മഴ പെയ്തു.വെള്ളപ്പൊക്കത്തിൽ 120 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകളെ കാണാതാവുകയും ചെയ്തു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങൾ നമ്മളെ എല്ലാവരെയും ബാധിക്കുമെന്ന് ഈ സംഭവങ്ങൾ കാണിക്കുന്നു, ഭാവിയിൽ മാറുന്ന കാലാവസ്ഥയുമായി പൊരുത്തപ്പെടേണ്ടത് നമ്മുടെ ആവശ്യമായി വരുമെന്നും ഗവേഷകർ വ്യക്തമാകുന്നു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ യാഥാർത്ഥ്യങ്ങൾക്കായി തയ്യാറെടുക്കാൻ യൂറോപ്യൻ രാജ്യങ്ങളും ലോകമെമ്പാടുമുള്ള രാജ്യങ്ങളും കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നും ഇനിയും വൈകിയാൽ അത് ലോകത്തിന്റെ നാശത്തിന് വഴിയൊരുക്കുമെന്നും ശാത്രജ്ഞർ പറയുന്നു.

കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യുന്നതിൽ യൂറോപ്യൻ യൂണിയൻ ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെള്ളപ്പൊക്കം ഉണ്ടാകുന്നത്, കാർബൺ ഉദ്‌വമനം കുറയ്ക്കുന്നതിനുള്ള പദ്ധതികളിൽ കുടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ നേരിടുന്നതിൽ ആഗോള സമൂഹത്തിന് ഏറ്റവും മികച്ച പന്തയം, “ഹരിതഗൃഹ വാതക ഉദ്‌വമനം കഴിയുന്നത്ര വേഗത്തിലും ഫലപ്രദമായും കുറയ്ക്കുക എന്നതാണ്, എന്നാൽ അതിന് കഴിയാത്തിടത്തോളം നമ്മൾ കാലാവസ്ഥ വ്യതിയാനത്തിന്റെ പിടിയിലായിരിക്കുമെന്നും ഗെർട്ടൻ സൂചിപ്പിക്കുന്നു.