പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കം, ഇന്ന് സർവ്വകക്ഷി യോഗം ചേരും

0
73

 

 

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനു നാളെ തുടക്കമാകും. തിങ്കളാഴ്ച മുതൽ അടുത്തമാസം 13 വരെയാണ് ഇരുസഭകളും സമ്മേളിക്കുക. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, കാർഷിക നിയമങ്ങൾ, ഇന്ധന വിലവർധനവ് എന്നിവ ഈ സമ്മേളനത്തെയും പ്രക്ഷുബ്ധമാക്കും.

22 മുതൽ കർഷകർ പാർലമെന്റിന് മുന്നിൽ പ്രതിഷേധവും ആരംഭിക്കും. അതേസമയം ജനസംഖ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കാനാണ് ബിജെപി നീക്കം.

19 ദിവസം നീണ്ടു നിൽക്കുന്ന വർഷകാല സമ്മേളനത്തിനാണ് നാളെ തുടക്കം ആകുന്നത്. ആഗസ്റ്റ് 13 വരെ ഇരുസഭകളും ചേരും. 11 മുതൽ വൈകിട്ട് 6 വരെയാണ് ലോക്‌സഭയും രാജ്യസഭയും ചേരുക. പ്രക്ഷുബ്ധമായ സഭ സമ്മേളനമാകും ഇത്തവണത്തേത്. കൊവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്തതിൽ കേന്ദ്ര സർക്കാറിന്റെ വീഴ്ച പ്രതിപക്ഷം ഇരുസഭകളിലും ഉന്നയിക്കും.

പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായുള്ള സർവ്വകക്ഷി ഇന്ന് യോഗം ചേരും. പതിനൊന്ന് മണിക്ക് ചേരുന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും. ലോക്‌സഭ സ്പീക്കർ ഓം ബിർല വിളിച്ച സഭ നേതാക്കളുടെ യോഗം വൈകീട്ട് നാല് മണിക്കാണ്.

സഭ സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി പങ്കെടുക്കുന്ന എൻഡിഎ യോഗവും, സോണിയ ഗാന്ധി വിളിച്ച കോൺഗ്രസ് എം പിമാരുടെ യോഗവും ഇന്ന് നടക്കും. സഭയിൽ കൊണ്ടുവരേണ്ട ബില്ലുകളിലും, അവതരിപ്പിക്കേണ്ട വിഷയങ്ങളിന്മേലുമാണ് വിവിധ യോഗങ്ങളിലെ ചർച്ച.