വിവരങ്ങൾ ചോർത്തുന്നു : സുബ്രമണ്യസ്വാമിയുടെ ട്വീറ്റിൽ ബിജെപിക്ക് ആശങ്ക

0
87

രാജ്യസഭാ എംപിയും ബിജെപി നേതാവുമായ സുബ്രമണ്യസ്വാമി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ച ട്വീറ്റ് ചർച്ചയാകുന്നു. കേന്ദ്രമന്ത്രിമാരുടെയും ബിജെപി- ആർ എസ് എസ് നേതാക്കളുടെയും ഫോണിലെ വിവരങ്ങൾ ചോർത്തുന്നതിനായി ഐഎസ്ടി, വാഷിംഗ്ടൺ പോസ്റ്റ്, ലണ്ടൻ ഗാർഡിയൻ എന്നിവർ ചേർന്ന് ഇസ്രയേയിലെ ഒരു കമ്പനിയെ ഏൽപ്പിച്ചുവെന്ന് അഭ്യൂഹം പടരുന്നതായി അദ്ദേഹം പറയുന്നു.

മോദിയുടെ കാബിനറ്റ് മന്ത്രിമാർ, ആർഎസ്എസ് നേതാക്കൾ, സുപ്രീംകോടതി ജഡ്ജിമാർ, പത്രപ്രവർത്തകർ എന്നിവരുടെ ഫോണുകൾ ടാപ്പു ചെയ്തതിന് ഐഎസ്ടി, വാഷിംഗ്ടൺ പോസ്റ്റ്, ലണ്ടൻ ഗാർഡിയൻ എന്നിവർ ഇസ്രായേൽ കമ്പനിയായ പെഗാസസിനെ നിയമിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നുവെന്ന ശക്തമായ അഭ്യൂഹം ഉണ്ട് .ഇത് സ്ഥിരീകരിച്ചാൽ ഞാൻ പട്ടിക പ്രസിദ്ധീകരിക്കും എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. പാർലമെന്റ് സമ്മേളനം നാളെ ആരംഭിക്കാനിരിക്കേയാണ് സുബ്രമണ്യ സ്വാമിയുടെ വെളിപ്പെടുത്തൽ.

ഇത്തരം ഒരു ട്വീറ്റ് പുറത്തുവന്നതോടെ കേന്ദ്രമന്ത്രിമാരുടെയും ബിജെപി നേതാക്കളുടെയും സ്വസ്ഥതയും സമാധാനവും നഷ്ടപ്പെട്ടിരിക്കുകയാണ്. കാരണം ഇസ്രയേയിലുമായി അടുത്ത ബന്ധമാണ് ബിജെപിക്കുള്ളത്. ആ നിലയിൽ പാർട്ടിയുടെ പ്രമുഖ നേതാക്കളുടെ വിവരങ്ങൾ ചോർത്തപ്പെട്ടാൽ ബി ജെ പിയ്ക്ക് അത് വലിയൊരു തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.