ന്യൂനപക്ഷ സ്‌കോളർഷിപ് വർഗീയ കാർഡ് ഇറക്കി ലീഗ്

0
122

 

ന്യൂനപക്ഷ വിദ്യാർഥികളുടെ സ്‌കോളർഷിപ് വിഷയത്തിലെ നിലപാടിൽനിന്ന്‌ മലക്കംമറിഞ്ഞ്‌ കോൺഗ്രസും ലീഗും. മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗത്തിലെ അഭിപ്രായം വിഴുങ്ങിയാണ്‌ ഇപ്പോൾ നേതാക്കൾ പ്രതികരിക്കുന്നത്‌.

മെയ്‌ 28നാണ്‌ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയത്‌. ന്യൂനപക്ഷ സെൻസസിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കാനും സർക്കാരിനോട്‌ നിർദേശിച്ചു. തുടർന്ന്‌ എല്ലാവരോടും കൂടിയാലോചിച്ച്‌ ആർക്കും നിലവിലെ ആനുകൂല്യം നഷ്ടമാകാത്തവിധം അനുപാതം നിശ്ചയിക്കാൻ സർക്കാർ തീരുമാനവുമെടുത്തു. എന്നാൽ, സച്ചാർ, പാലോളി കമ്മിറ്റികളുടെ പ്രസക്തി ഇല്ലാതായെന്നാണ്‌ പി കെ കുഞ്ഞാലിക്കുട്ടിയും വിഡി സതീശനും പറയുന്നത്‌. മുസ്ലിം സമുദായത്തിന്റെ ആനുകൂല്യം സർക്കാർ കവർന്നെടുത്തെന്നും ലീഗ്‌ പ്രചരിപ്പിക്കുന്നുണ്ട്‌. നിലവിലെ ആനുകൂല്യത്തിൽ കുറവ്‌ വരാതെ മറ്റുള്ളവരെ പരിഗണിക്കണമെന്നാണ്‌ സർവകക്ഷിയോഗത്തിൽ വി ഡി സതീശൻ പറഞ്ഞത്‌. മുസ്ലിംലീഗ്‌ നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീർ, കെ പി എ മജീദ്‌ എന്നിവർ ജൂൺ മൂന്നിന്‌ മുഖ്യമന്ത്രിക്ക്‌ അയച്ച കത്തിലും ഈ അഭിപ്രായമുണ്ട്‌. കേരള കോൺഗ്രസ്‌ നേതാവ്‌ പി ജെ ജോസഫും ഇതേ കാര്യം ആവശ്യപ്പെട്ടു.

എന്നാൽ, കാര്യത്തോടടുത്തപ്പോൾ എല്ലാം മറന്ന്‌ പുതിയ നാടകത്തിന്‌ കർട്ടൻ വലിക്കുകയാണ്‌ യുഡിഎഫ്‌ നേതാക്കൾ. 2011ലെ സെൻസസ്‌ അനുസരിച്ച്‌ 45.27 ശതമാനമാണ്‌ കേരളത്തിൽ ന്യൂനപക്ഷങ്ങൾ. ഇതിൽ 58.67 ശതമാനം മുസ്ലിം, 40.06 ശതമാനം ക്രിസ്‌ത്യൻ, 0.73 ശതമാനം മറ്റു വിഭാഗം എന്നിങ്ങനെയാണുള്ളത്‌. ഈ രീതിയിലേ സ്‌കോളർഷിപ് അനുപാതവും നിശ്ചയിക്കാനാകൂ. ഇത്‌ ബോധപൂർവം മറന്നാണ്‌ യുഡിഎഫ്‌ കാപട്യം.

വർഗീയ കാർഡ് ഇറക്കി മുസ്ലിംലീഗ്‌

ന്യൂനപക്ഷ വിദ്യാർഥി സ്‌കോളർഷിപ്പിന്റെ പേരിൽ വർഗീയ പ്രചാരണവുമായി മുസ്ലിംലീഗ്‌. സർക്കാർ മുസ്ലിങ്ങളെ ചതിക്കുന്നുവെന്ന പ്രചാരണമാണ്‌ ലീഗ്‌ നടത്തുന്നത്‌. മത–-തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും ഉയർത്തുന്ന വിഷവാദമാണ്‌ ഇവർക്കുമുള്ളത്‌. എന്നാൽ, കോൺഗ്രസിലെ ഒരു വിഭാഗത്തിനും കേരള കോൺഗ്രസ്‌ (ജോസഫ്‌) വിഭാഗത്തിനും ഇതിൽ വിയോജിപ്പുമുണ്ട്‌.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ആർക്കും നിലവിലുള്ള ആനുകൂല്യം നഷ്ടപ്പെടാത്ത രീതിയിലാണ്‌ സർക്കാർ പദ്ധതി തയ്യാറാക്കിയത്‌. സ്‌കോളർഷിപ്പിനായി 6.2 കോടി രൂപ അനുവദിക്കുകയും ചെയ്‌തു. പ്രതിപക്ഷത്തിന്റെ അഭിപ്രായവും കേട്ടിരുന്നു. അന്നൊന്നും പറയാതിരുന്ന ലീഗാണ്‌ ഇപ്പോൾ വർഗീയ കാർഡുമായി രംഗത്തെത്തിയത്‌.
മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ കൊണ്ടുവന്ന സച്ചാർ റിപ്പോർട്ടിന്റെ തുടർച്ചയായി പാലോളി കമ്മിറ്റിയെ നിയോഗിച്ചത്‌ എൽഡിഎഫ്‌ ഭരണത്തിലായിരുന്നു. പതിറ്റാണ്ടുകൾ ഭരണത്തിലിരുന്ന ലീഗിന്‌ സമുദായത്തിനായി ഒന്നും ചെയ്യാനാകാത്തതിന്റെ കുറ്റബോധവും ഈ പ്രചാരണത്തിനു പിന്നിലുണ്ട്‌.