ബാങ്കിന്റെ വ്യാജസൈറ്റുണ്ടാക്കി ഓൺലൈൻ തട്ടിപ്പ്

0
61

എസ്.ബി.ഐ.യുടെ വ്യാജ സൈറ്റ് ഉണ്ടാക്കി ഓൺലൈൻ തട്ടിപ്പ്. ഓൺലൈൻ ബാങ്കിങ് ആപ്ലിക്കേഷനായ യോനോയുടെ പേരിലാണ് തട്ടിപ്പ് നടക്കുന്നത്. ഈ ആപ്ലിക്കേഷൻ ബ്ലോക്ക് ചെയ്തെന്ന സന്ദേശമാണ് തട്ടിപ്പിന്റെ ആദ്യപടി. ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ എസ്.ബി.ഐ.യുടേതെന്ന് തോന്നിക്കുന്ന വെബ്സൈറ്റിൽ പ്രവേശിക്കും.

അവിടെ യൂസർ നെയിം, പാസ്വേഡ്, ഒ.ടി.പി. എന്നിവ ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടും. യഥാർഥ വെബ്സൈറ്റ് എന്ന് തെറ്റിദ്ധരിച്ച് ഉപഭോക്താവ് അവരുടെ വിവരങ്ങൾ നൽകുന്നു. ബാങ്ക് അക്കൗണ്ടിലുള്ള പണം നഷ്ടപ്പെടും.

തൃശ്ശൂർ സിറ്റി പോലീസ് പരിധിയിൽ മാത്രം പന്ത്രണ്ടോളം പരാതികളാണ് ഇതുവരെ കിട്ടിയത്. എന്നാൽ തട്ടിപ്പിനിരയായ വിവരം പലരും അറിയുന്നില്ലെന്നാണ് പോലീസ് പറയുന്നത്. എ.ടി.എം. വഴിയാണ് പണം പിൻവലിക്കുന്നതെന്നതിനാൽ ഇരുപതിനായിരം രൂപയ്ക്ക് താഴെയുള്ള തുകയാണ് ഒരുതവണ നഷ്ടപ്പെടുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് പറഞ്ഞു. സുരക്ഷാനിർദേശങ്ങളും പുറത്തിറക്കി.