ബിജെപിക്കെതിരെ ശബ്ദമുയർത്തുന്ന മാധ്യമങ്ങളെ വിലക്കും ; ആറ് മാസത്തിനുള്ളില്‍ നിയന്ത്രണത്തില്‍ കൊണ്ടുവരും

0
75

ബിജെപിക്കെതിരെ ശബ്ദമുയർത്തുന്ന മാധ്യമങ്ങളെ വിലക്കും എന്നും ആറ് മാസത്തിനുള്ളില്‍ നിയന്ത്രണത്തില്‍ കൊണ്ടുവരും എന്നും പറഞ്ഞ തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ പ്രസ്താവന വിവാദത്തില്‍. തമിഴ്നാട്ടിലെ ബിജെപിയുടെ പൊതുയോഗത്തിലായിരുന്നു മാധ്യമങ്ങള്‍ക്കെതിരെയുളള കെ അണ്ണാമലൈയുടെ പരാമര്‍ശം.

‘മാധ്യമങ്ങളെ മറന്നേക്കൂ. അവര്‍ നമ്മളെക്കുറിച്ച്‌ എന്തൊക്കെ അപവാദം പറയുന്നു എന്നത് ശ്രദ്ധിക്കേണ്ടതില്ല. അടുത്ത ആറ് മാസത്തിനുള്ളില്‍ മാധ്യമങ്ങള്‍ ബിജെപിയുടെ നിയന്ത്രണത്തിലാകും’ എന്ന് അണ്ണാമലൈ പറഞ്ഞു. കേന്ദ്ര സഹമന്ത്രിയായ തമിഴ്‌നാട് മുന്‍ ബിജെപി അധ്യക്ഷന്‍ എല്‍ മുരുകന്‍ ഇത് നടപ്പാക്കുമെന്നും കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം അദ്ദേഹത്തിന്റെ കൈയ്യില്‍ സുരക്ഷിതമാണെന്നും അണ്ണാമലൈ പറഞ്ഞു.

2000ലാണ് ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ ഐപിഎസ് രാജിവെച്ച്‌ ബിജെപിയില്‍ ചേരുന്നത്. തമിഴ്‌നാട് അധ്യക്ഷനായിരുന്ന എല്‍ മുരുകനെ കേന്ദ്രസഹമന്ത്രിയായി നിയമിച്ചതിന് പിന്നാലെയാണ് അണ്ണാമലൈയെ തമിഴ്‌നാട് ബിജെപി അധ്യക്ഷനായി തെരഞ്ഞെടുത്തത്.