ഏഷ്യാനെറ്റ് ന്യൂസില്‍ കാവിവത്കരണം ; എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍ രാജിവച്ചു

0
110

ഏഷ്യാനെറ്റ് ന്യൂസില്‍ കാവിവത്കരണം നടക്കുന്നുവെന്നാരോപിച്ച് എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും രാജിവച്ചു. കഴിഞ്ഞ ദിവസമാണ് എം ജി രാധാകൃഷ്ണന്‍ രാജിവച്ചത്. രാജി സ്വീകരിച്ച മാനേജ്‌മെന്റ് ചാനലിന്റെ താല്‍ക്കാലിക എഡിറ്റര്‍ ചുമതലയിലേക്ക് സിന്ധു സൂര്യകുമാറിനു നൽകി .

ചാനല്‍ തലപ്പത്തേക്ക് മാതൃഭൂമി എഡിറ്റര്‍ പദവി രാജിവച്ച് വന്ന മനോജ് കെ ദാസ് വരുമെന്നാണ് സൂചന. നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പെടുന്ന ജൂപ്പിറ്റര്‍ മീഡിയായുടെ ഗ്രൂപ്പ് എഡിറ്ററായി മനോജ് കെ ദാസിനെ നിയമിച്ചിരുന്നു.

ടിഎന്‍ ഗോപകുമാറിന്റെ മരണശേഷമാണ് എം ജി  രാധാകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ തലപ്പത്തേക്ക് എത്തുന്നത്. എം ജി രാധാകൃഷ്ണന്‍ വന്നതിനു ശേഷം ചാനല്‍ അതിന്റെ പോളിസികളില്‍ മാറ്റമൊന്നും വരുത്തിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ മന്ത്രിസഭാ പുനസംഘടനയില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ കൂടി ഉടമയായ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രിസഭയില്‍ എത്തിയതോടെ ചാനലിന്റെ നിലപാടുകളില്‍ ഒരു ബിജെപി ചായ്വ് വേണമെന്ന സ്ഥിതിയിലേക്ക് എത്തിയിരുന്നു.

ഇതാണ് എം ജി രാധാകൃഷ്ണന്റെ പെട്ടെന്നുള്ള രാജിക്ക് കാരണമെന്നാണ് പുറത്തുവരുന്ന വിവരം. മനോജ് കെദാസ് അടുത്തമാസത്തോടെ ചാനലിന്റെ ചുമതലയിലേക്ക് എത്തുമെന്നാണ് വിവരം.