വിവാഹം കച്ചവടമല്ല , പെൺമക്കൾ വിൽപനച്ചരക്കുമല്ല ; കെ ടി ജലീൽ

0
90

സ്ത്രീധനത്തിനെതിരേ മുന്‍മന്ത്രി കെ.ടി. ജലീലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. മക്കള്‍ വില്‍പ്പനച്ചരക്കുകളല്ലെന്നും വിലപറഞ്ഞെത്തുന്ന ഏമ്പോക്കികളെ ആട്ടിയോടിക്കണമെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം

രക്ഷിതാക്കൾ പെൺകുട്ടികൾക്ക് കൊടുത്ത സ്വർണ്ണവും പണവും കാറും വേണ്ടത്ര ആയില്ലെന്ന പരാതിയും അതേ തുടർന്ന് ഭർതൃ വീട്ടിൽ പീഡനം ഏറ്റുവാങ്ങേണ്ടി വരുന്ന പെൺകുട്ടികളുടെ കദനകഥകളുമാണ് നാനാ ദിക്കുകളിൽ നിന്നും കേൾക്കുന്നത്. അവസാനം സഹികെട്ട് ഒരു കഷ്ണം കയറിലോ തീനാളങ്ങൾക്ക് നക്കിത്തുടക്കാൻ നിന്ന് കൊടുത്തോ ജീവിതം ചാമ്പലാക്കപ്പെടുന്ന പെൺമക്കളുടെ നിലവിളി കേരളീയാന്തരീക്ഷത്തിൽ അലയൊലി കൊള്ളുമ്പോൾ വ്യക്തിപരമായി എനിക്കുണ്ടായ വേറിട്ടൊരനുഭവം പങ്കുവെക്കുന്നതിൽ അതിയായ അഭിമാനമുണ്ട്.

മന്ത്രിയായ സമയത്ത് പഴയ കാർ ഞാൻ വിറ്റിരുന്നു. നാലാമതും MLA യായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഒരു കാർ വാങ്ങൽ നിർബന്ധമായി. പുതിയതൊന്ന് വാങ്ങാൻ ഭീമമായ തുക വരും. വീട്ടിൽ ഞങ്ങൾ കൂടിയാലോചിച്ചു. അധികം ഓടാത്ത രണ്ടോ മൂന്നോ വർഷം പഴക്കമുള്ള വാഹനം വാങ്ങലാണ് നമ്മുടെ ധനസ്ഥിതി അനുസരിച്ച് അഭികാമ്യം എന്ന നിഗമനത്തിലാണ് ഒടുവിൽ എത്തിയത്. വിവരം എൻ്റെ നാട്ടുകാരനും സെകനെൻ്റ് കാറുകളുടെ വിൽപനക്കാരനുമായ ബാപ്പുട്ടിയോടും കുറ്റിപ്പുറത്തെ എൻ്റെ സുഹൃത്ത് റീന ബാബുവിനോടും പങ്കുവെച്ചു. ഇരുവരും അത്തരമൊരു വാഹനത്തിനായുള്ള അന്വേഷണത്തിൽ വ്യാപൃതരായി. മഹാരാഷ്ട്ര റജിസ്ട്രേഷനുള്ള കുറഞ്ഞ കിലോമീറ്റർ മാത്രം ഓടിയ കാർ ഉണ്ടെന്നറിഞ്ഞ് അവർ വിവരം അറിയിച്ചു. ബോംബെയിൽ പോയി വാഹനം നേരിട്ട് കണ്ട് പരിശോധിച്ച് വിലയും മറ്റുകാര്യങ്ങളും ബാപ്പുട്ടിയാണ് വിളിച്ചു പറത്തത്; ”2018 മോഡൽ 31,000 കിലോമീറ്റർ ഓടിയ ഇന്നോവ ക്രിസ്റ്റ കാർ. 12 ലക്ഷം രൂപ കാർ സോൺ എന്ന കമ്പനിക്ക് നൽകേണ്ടിവരും. നാട്ടിൽ കൊണ്ടുവന്ന് റീ റജിസ്ട്രേഷൻ നടത്താനും ടാക്സ് അടക്കാനുമുള്ള സംഖ്യ ഇതുകൂടാതെയും കാണേണ്ടി വരും. എല്ലാറ്റിനുംകൂടി ഏകദേശം 14.50 ലക്ഷം രൂപ”.

10 ലക്ഷം രൂപ നിയമസഭയിൽ നിന്ന് സ്വന്തമായി വാഹനം ഇല്ലാത്ത സാമാജികർക്ക് കുറഞ്ഞ പലിശക്ക് ലോൺ കിട്ടും. അഞ്ചുവർഷം കൊണ്ട് അടച്ചു തീർത്താൽ മതി. അക്കാര്യം സൂചിപ്പിച്ചപ്പോഴാണ് അമേരിക്കയിൽ റിസർച്ച് സയൻ്റിസ്റ്റായി ജോലി ചെയ്യുന്ന മകൾ അസ്മ 10 ലക്ഷം രൂപ നൽകാമെന്നും ലോൺ എടുത്ത് ബാദ്ധ്യതയാക്കേണ്ടെന്നും പറഞ്ഞത്. ഞാനും ഭാര്യയും അതിനോട് വിയോജിച്ചു. അസ്മയുടെ നിർബന്ധത്തിന് ഒടുവിൽ വഴങ്ങേണ്ടി വന്നു. രണ്ട് ദിവസത്തിനുള്ളിൽ തന്നെ കാർ സോൺ എന്ന കമ്പനിയുടെ അക്കൗണ്ടിലേക്ക് അവളുടെ നാട്ടിലെ അക്കൗണ്ടിൽ നിന്ന് ആദ്യം ആയിരം രൂപയും അത് കിട്ടിയെന്ന് ഉറപ്പുവരുത്തിയ ശേഷം 9,99000 രൂപയും ട്രാൻസ്ഫർ ചെയ്തു. രണ്ട് ലക്ഷം രൂപ ബാപ്പുട്ടി ബോംബെയിലേക്ക് പോകുമ്പോൾ എൻ്റെ കയ്യിൽ കൊടുക്കാനില്ലാതിരുന്നതിനാൽ സുഹൃത്ത് ചെറാല ഗഫൂറിനോട് തൽക്കാലം അഡ്ജസ്റ്റ് ചെയ്യാൻ പറഞ്ഞു. തൊട്ടടുത്ത ദിവസംതന്നെ ഗഫൂറിൻ്റെ പേരിൽ എൻ്റെ നല്ലപാതി രണ്ടു ലക്ഷത്തിൻ്റെ ചെക്കും നൽകി. അവനത് വൈകാതെ ക്യാഷ് ചെയ്യുകയും ചെയ്തു. റൊക്കം പണം നൽകി വണ്ടി റിലീസാക്കി ബാപ്പുട്ടി തന്നെ ഡ്രൈവ് ചെയ്ത് നാട്ടിലെത്തിച്ച് പോളീഷ് ചെയ്ത് നല്ല കുട്ടപ്പനാക്കി എനിക്ക് കൈമാറി. എൻ്റെ ഡ്രൈവർ മുനീർ, വണ്ടി കേരള റജിസ്ട്രേഷനിലേക്ക് മാറ്റാനും ടാക്സ് അടക്കാനും കൊണ്ടുപോയിട്ടുണ്ട്. രണ്ട് ദിവസത്തിനകം കാർ റോഡിലിറക്കാനാകും എന്നാണ് കരുതുന്നത്.

എൻ്റെ മകൾ അസ്മാ ബീവിക്ക് 28 വയസ്സേ ആയിട്ടുള്ളൂ. അവൾ ജീവിതത്തിൽ സ്വർണ്ണം ഉപയോഗിച്ചിട്ടേയില്ല. ഒരു തരി സ്വർണ്ണവും ഒരു രൂപയും നൽകാതെയായിരുന്നു അവളുടെ വിവാഹം. മങ്കട സ്വദേശി ഇലിക്കോട്ടിൽ അജീഷാണ് അവളുടെ ഭർത്താവ്. കോഴിക്കോട് NIT യിൽ നിന്ന് നല്ല മാർക്കോടെ പാസ്സായ അവൾ കഠിനാദ്ധ്വാനം ചെയ്ത് അമേരിക്കയിലെ അറ്റ്ലാൻ്റയിലുള്ള ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എം.എസ്സിന് പ്രവേശനം നേടി. അവിടെ കോഴ്സ് പൂർത്തിയാക്കിക്കൊണ്ടിരിക്കവെയാണ് ”Intel” ൽ റിസർച്ച് സയൻ്റിസ്ററായി പ്ലേസ്മെൻ്റ് കിട്ടിയത്. അമേരിക്കയിൽ പോയി ഉപരിപഠനം നടത്തണമെന്നും അവിടെ നല്ലൊരു സ്ഥാപനത്തിൽ ജോലി ചെയ്യണമെന്നുമുള്ള പൊതുവിദ്യാലയത്തിൽ പഠിച്ച ഒരു നാട്ടിൻപുറത്തുകാരി പെൺകുട്ടിയുടെ ചെറുപ്പം മുതൽക്കുള്ള ആഗ്രഹം അങ്ങിനെ സഫലമായി. അതിനെല്ലാ പിന്തുണയും നൽകിയത് മരുമകൻ അജീഷാണ്. മങ്കട വേരുമ്പിലാക്കൽ സലാം സാഹിബിൻ്റെയും മുൻ ജില്ലാ പഞ്ചായത്ത് അംഗം ഫാത്തിമക്കുട്ടി ടീച്ചറുടെയും മകനാണ് അജീഷ്. അവനും കോഴിക്കോട് NIT യിൽ പഠിച്ച് കമ്പ്യൂട്ടർ സയൻസിൽ ബി.ടെക് കരസ്ഥമാക്കി ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എസ്സ് പൂർത്തിയാക്കി സിൽക്കൺവാലിയിൽ തന്നെ “apple” ൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലിചെയ്യുന്നു. വിവാഹ സമയത്ത് വിശുദ്ധ ഖുർആൻ്റെ കോപ്പിയാണ് അജീഷ് വിവാഹമൂല്യമായി അസ്മക്ക് നൽകിയിരുന്നത്.

രക്ഷിതാക്കൾ പെൺമക്കൾക്ക് വരൻമാരെ തേടുമ്പോൾ മനുഷ്യത്വമുള്ള സൽസ്വഭാവികളെയാണ് അന്വേഷിക്കേണ്ടത്. പണത്തിൻ്റെയും പ്രതാപത്തിൻ്റെയും സ്വത്തുവഹകളുടെയും പിന്നാലെപ്പോയി കുട്ടികളുടെ ഭാവി നശിപ്പിക്കരുത്. ഭാര്യവീട്ടുകാരുടെ ചെലവിൽ മകൻ ജീവിക്കണമെന്ന് ആഗ്രഹിക്കാത്ത കുടുംബത്തിനാകണം മുൻഗണന നൽകേണ്ടത്. നമ്മൾ ശ്രദ്ധിച്ചാൽ ”വിസ്മയമാർ” ഇനിമേൽ നാട്ടിലുണ്ടാവില്ല. ഞങ്ങളുടെ മകൻ്റെ വിവാഹവും രണ്ടാമത്തെ മകളുടെ വിവാഹവും മൂത്തമകൾ അസ്മയുടെ വിവാഹം പോലെത്തന്നെ നടത്തണമെന്നാണ് ആഗ്രഹം. ധനമോഹികളെ കല്യാണം കഴിക്കില്ലെന്ന് അവസാന വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനികൂടിയായ മകൾ സുമയ്യാ ബീഗം കട്ടായം പറഞ്ഞത് കളിവാക്കായിട്ടല്ല, അവളുടെ സുചിന്തിത നിലപാട് എന്ന നിലക്കു തന്നെയാണ്. ഞങ്ങളുടെ താൽപര്യം പോലെത്തന്നെ ഒരു വിവാഹക്കാര്യം അവൾക്ക് ശരിയായിട്ടുമുണ്ട്. നിക്കാഹ് കഴിയാത്തത് കൊണ്ട് വരനെ സംബന്ധിക്കുന്ന വിവരങ്ങൾ ഇവിടെ കുറിക്കുന്നില്ല.

നമ്മുടെ മക്കൾ വിൽപ്പനച്ചരുക്ക കളല്ല. അവർ നമ്മുടെ കരളിൻ്റെ കഷ്ണങ്ങളാണ്. മക്കൾക്കുവേണ്ടിയാണ് രക്ഷിതാക്കൾ ജീവിക്കുന്നത്. മരിച്ച് പോകുമ്പോൾ ആരും ഒന്നും കൊണ്ടുപോകുന്നില്ലല്ലോ? എന്തെങ്കിലും ഉണ്ടെങ്കിൽ അതെല്ലാം അനന്തരാവകാശികൾക്കായി ഭൂമിയിൽ വിട്ടേച്ചാണ് ഓരോ മനുഷ്യനും ഇഹലോകവാസം വെടിയുന്നത്. നാൽക്കാലിച്ചന്തകളിൽ ആടുമാടുകൾക്ക് വിലപേശുന്നവരെപ്പോലെ സ്വർണ്ണത്തിൻ്റെയും പണത്തിൻ്റെയും കണക്കു പറഞ്ഞ് മക്കൾക്ക് വില പറഞ്ഞെത്തുന്ന ഏമ്പോക്കികളെ വീട്ടിൽ നിന്ന് ആട്ടിയോടിക്കണം. വിലപേശുന്നവർക്ക് പെൺമക്കളെ കൊടുക്കില്ലെന്ന് ഓരോ രക്ഷിതാവും തീരുമാനിച്ചാൽ ആകാശത്തുനിന്ന് ആരും പെൺകുട്ടികളെ കല്യാണം കഴിച്ച് കൊണ്ടുവരില്ല. സ്ത്രീധനത്തോട് ”NO” പറയാൻ ഇനിയും അമാന്തിക്കരുത്.
സ്ത്രീധനം പണമായോ സ്വർണ്ണമായോ വസ്തുവായോ പറയുന്നതും വാങ്ങുന്നതും കൊടുക്കുന്നതും പാപമാണ്.